ADVERTISEMENT

ഗുരുഗ്രാം∙ ഹരിയാനയിലെ നൂഹിൽ തിങ്കളാഴ്ച വിശ്വഹിന്ദുപരിഷത്തിന്റെ (വിഎച്ച്പി) ‘ബ്രിജ് മണ്ഡൽ‍ യാത്ര’യ്ക്കിടെയുണ്ടായ സംഘർഷത്തിൽ നീരജ്, ഗുർസേവക് എന്നീ രണ്ട് ഹോം ഗാർഡുകളും മൗലാന മുഹമ്മദ് സാദ് എന്ന ഇമാമും ഒരു സാധാരണക്കാരനും ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടിരുന്നു. വിഎച്ച്പിയുടെ യാത്ര ഒരു സംഘം തടയാൻ ശ്രമിച്ചതാണു സംഘർഷത്തിനിടയാക്കിയത്. ബജ്‌റംഗ്ദൾ പ്രവർത്തകന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റാണ് സംഘർഷം വർധിപ്പിച്ചെന്നാണു റിപ്പോർട്ട്. സംഘർഷത്തെ തുടർന്ന് സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ബുധനാഴ്ച വരെ താൽക്കാലികമായി നിർത്തിവച്ചു. 

അക്രമം രണ്ടു ജില്ലകളിൽ വ്യാപിച്ചതെങ്ങനെ?

ഗുരുഗ്രാമിലെ സിവിൽ ലൈനിൽനിന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഗാർഗി കക്കർ ബ്രിജ് മണ്ഡല് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയ്‌ക്കൊപ്പം പൊലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു. നൂഹിൽ വച്ച് യാത്രയ്‌ക്കു നേരെ ഒരു സംഘത്തിന്റെ കല്ലേറുണ്ടായി. യാത്രയുടെ ഭാഗമായ നാലു കാറുകള്‍ അഗ്നിക്കിരയാക്കി. ചില പൊലീസ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

മുസ്‌ലിം ആധിപത്യമുള്ള നൂഹിലെ അക്രമത്തിന്റെ വാർത്ത പ്രചരിച്ചതിനെത്തുടർന്ന് അയൽ ജില്ലയായ ഗുരുഗ്രാമിലെ സോഹ്‌നയിൽ ജനക്കൂട്ടം വാഹനങ്ങൾക്കും കടയ്ക്കും തീയിട്ടു. ബല്ലഭ്ഗഡിലെ ഒരു ബജ്‌റംഗ്ദൾ പ്രവർത്തകൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ആക്ഷേപകരമായ വിഡിയോ സംഘർഷം വർധിപ്പിച്ചു. പശുക്കടത്ത് ആരോപിച്ച് രണ്ടുപേരെ ചുട്ടുകൊന്ന കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മോനു മനേസർ, ഭിവാനി മേഖലയിൽ യാത്ര നടത്താൻ പദ്ധതിയിട്ടിരുന്നതായും അഭ്യൂഹങ്ങളുണ്ടായി.

ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ, ഒരു ക്ഷേത്രത്തിൽ അഭയം തേടിയ സ്ത്രീകളും കുട്ടികളുമടക്കം 2500-ലധികം പേരെ പൊലീസ് രക്ഷപ്പെടുത്തി. സംഭവം ആസൂത്രിതമായ അക്രമമാണെന്ന് നൂഹിൽനിന്നുള്ള എംഎൽഎ ചൗധരി അഫ്താബ് അഹമ്മദ് ആരോപിച്ചു. സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്ത് ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും ചൗധരി അഫ്താബ് പറഞ്ഞു. 

ഇതിനോടകം 13 കമ്പനി അർധസൈനിക വിഭാഗങ്ങൾ ജില്ലയിലെത്തി. അപ്രതീക്ഷിത സംഭവവികാസങ്ങൾ തടയാൻ ഫരീദാബാദ്, പൽവാൽ, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിരോധനാഞ്ജ ഏർപ്പെടുത്തി. മുൻകരുതൽ എന്ന നിലയിൽ ഗുരുഗ്രാം, ഫരീദാബാദ്, പൽവാൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി നൽകിയിരുന്നു. നൂഹിലെ സംഭവത്തെ തുടർന്ന് രാജസ്ഥാനിലെ ഭരത്പുർ ജില്ലയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

English Summary: Nuh Violence: How Communal Clashes Rocked 2 Haryana Districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com