ADVERTISEMENT

കൊൽക്കത്ത∙ ജാദ‌വ്പുർ സർവകലാശാലയിലെ ബിരുദ വിദ്യാർഥി സ്വപ്‌നദിപ് കുണ്ടുവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാർഥികൾ കൂടി അറസ്റ്റിലായി. ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥി ദീപ്‌ശേഖർ ദുട്ട, സോഷ്യോളജി രണ്ടാം വർഷ വിദ്യാർഥി മനോതോഷ് ഘോഷ് എന്നിവരെയാണ് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും റാഗിങ്ങിൽ വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മനോതോഷിനെതിരെ ലൈംഗിക അതിക്രമം ഉൾപ്പെടെ നടന്നോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നേരത്തെ, 2022ൽ എംഎസ്‌സി മാത്‌സ് പൂർത്തിയാക്കിയ പൂർവ വിദ്യാർഥി സൗരഭ് ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഈ മാസം 22 വരെ കോടതി റിമാൻഡ് ചെയ്തു. പഠനം പൂർത്തിയാക്കിയ ശേഷവും സൗരഭ് മെയിൻ ഹോസ്റ്റലിൽ തുടർന്നിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സ്വപ്‍നദിപിന്റെ പിതാവ് രാംപ്രസാദ് കുണ്ടുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നാദിയ ജില്ലയിലെ ബാഗുല സ്വദേശിയായ സ്വപ്‌നദിപ് ബുധനാഴ്ച രാത്രിയാണ് മെയിൻ ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽനിന്ന് താഴേക്കു വീണത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.

സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തി സ്വപ്ന‌ദിപിനെ പീഡിപ്പിച്ചതാണെന്ന് പിതാവ് പരാതിയിൽ പറഞ്ഞിരുന്നു. സ്വപ്‍നദിപിന്റെ ശരീരത്തിൽ പലയിടങ്ങളിലായി മുറിവുകളുള്ളതായി ഡോക്‌ടർ ബന്ധുക്കളെ അറിയിച്ചിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച ബാഗുലയിൽ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

English Summary: 2 More Arrests, Sex Harassment Probe In Jadavpur University Student Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com