മേലുദ്യോഗസ്ഥൻ പീഡിപ്പിച്ചു; ഡൽഹിയിൽ സെക്യൂരിറ്റി ഗാർഡ് ആശുപത്രിയിൽ മരിച്ചു
Mail This Article
ഗാസിയാബാദ്∙ ഡൽഹിയിലെ ഗാസിയാബാദിൽ ഹൗസിങ് സൊസൈറ്റിയിൽ ജോലി ചെയ്തിരുന്ന വനിതാ സെക്യൂരിറ്റി ഗാർഡ് പീഡനത്തിനിരയായി പിന്നീട് ആശുപത്രിയിൽ മരിച്ചു. പത്തൊൻപതുകാരിയെ പീഡിപ്പിച്ചത് ജോലി ചെയ്യുന്നിടത്തെ സൂപ്പർവൈസറാണെന്നു പൊലീസ് അറിയിച്ചു. പ്രതിയായ അജയ് (32) എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിനിരയായ പെൺകുട്ടിയെ സഹപ്രവർത്തകർ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവസ്ഥ മോശമായി തിങ്കൾ രാവിലെയോടെ മരിക്കുകയായിരുന്നു. ജാർഖണ്ഡ് സ്വദേശിയായ പെൺകുട്ടി ജോലി ചെയ്യുന്നതിന് അടുത്തുതന്നെ ബന്ധുവിനൊപ്പം താമസിക്കുകയായിരുന്നു. അതേസമയം, കെട്ടിടത്തിന്റെ ബേസ്മെന്റിൽ മൂന്നുപേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് കുടുംബം ആരോപിച്ചു. ഇതിനുപിന്നാലെ വിഷം നൽകുകയായിരുന്നുവെന്നും കുടുംബം പറയുന്നു.
എന്നാൽ, കൂട്ടബലാത്സംഗമല്ലെന്ന് ഡിസിപി (റൂറൽ) വിവേക് ചന്ദ് യാദവ് വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ബേസ്മെന്റിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് ഇതു വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേർത്തു. മരണകാരണം വിഷം അകത്തുചെന്നതാണോ അതോ പെൺകുട്ടിക്ക് ഉണ്ടായിരുന്ന ശ്വാസകോശ രോഗം കാരണമാണോയെന്നും പരിശോധിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
English Summary: Tragic Incident in Ghaziabad: Female Security Guard raped by supervisor at Work, Dead