ADVERTISEMENT

പാലക്കാട് ∙മുംബൈ പൊലീസ് മേധാവിയെന്നു പരിചയപ്പെടുത്തി യുവതിയിൽനിന്നു 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികളായ 3 പേരെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി വിദേശത്തേക്ക് അയച്ച പാഴ്സലിൽ ലഹരി മരുന്നു കണ്ടെത്തിയെന്നും നിയമ നടപടി ഒഴിവാക്കി നൽകാമെന്നും പറഞ്ഞാണു പണം തട്ടിയത്.

ഡിണ്ടിഗൽ സൗരാഷ്ട്ര കോളനി സ്വദേശി ബാലാജി രാഘവൻ (34), ഭാരതിപുരം സ്വദേശി കെ.ഇന്ദ്രകുമാർ (20), വെല്ലൂർ പണപ്പാക്കം സ്വദേശി ജി.മോഹൻകുമാർ (27) എന്നിവരെയാണു ഡിണ്ടിഗലിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 15 എടിഎം കാർഡ്, 15 ബാങ്ക് പാസ് ബുക്ക്, ചെക്ക് ബുക്ക് എന്നിവ കണ്ടെടുത്തു.

ബാങ്കുകളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി നൽകുന്ന ആളാണ് ഇന്ദ്രകുമാർ എന്നു പൊലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായി വിവിധ സംസ്ഥാനങ്ങളിൽ തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ മാസം 28നാണു സംഭവം. പുത്തൂർ സ്വദേശിയായ യുവതിയാണു പരാതി നൽകിയത്. കുറിയർ കമ്പനിയിൽനിന്നാണെന്നു പരിചയപ്പെടുത്തിയാണു യുവതിയുടെ മൊബൈൽ ഫോണിലേക്ക് ആദ്യം കോൾ വന്നത്. തയ്‌വാനിലേക്കു യുവതി അയച്ച പാഴ്സൽ മടങ്ങിയെന്നും മുംബൈ പൊലീസിനു കോൾ കണക്ട് ചെയ്യാമെന്നും തട്ടിപ്പു സംഘം അറിയിച്ചു. പിന്നീട് മുംബൈ പൊലീസ് മേധാവി ആണെന്നു പരിചയപ്പെടുത്തിയ ആൾ പാഴ്സലിൽ ലഹരി മരുന്നു കണ്ടെത്തിയെന്നും കേസ് ഒതുക്കിത്തീർക്കാൻ 10 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. താൻ പാഴ്സൽ അയച്ചിട്ടില്ലെന്നു യുവതി അറിയിച്ചെങ്കിലും മറ്റാരെങ്കിലും യുവതിയെ കുടുക്കാൻ അയച്ചതാകുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തട്ടിപ്പു സംഘം പറഞ്ഞതോടെ യുവതി വിശ്വസിച്ചു.

തട്ടിപ്പു സംഘം നൽകിയ ബാങ്ക് അക്കൗണ്ടിലേക്കു യുവതി പണം അയച്ചു. പിന്നീട് സംഘം നൽകിയ വിവിധ അക്കൗണ്ട് നമ്പറുകളിലേക്ക് 5 ഘട്ടങ്ങളിലായി പണം അയച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഇൻസ്പെക്ടർ ജെ.എസ്.സജീവ് കുമാർ, ഗ്രേഡ് എസ്ഐ സി.എസ്.രമേഷ്, സീനിയർ സിപിഒ എം.മനേഷ്, സിപിഒമാരായ വി.എ.ഷിഹാബുദ്ദീൻ, എ.മുഹമ്മദ് ഫാസിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പരാതി നൽകാം

തട്ടിപ്പു സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും തട്ടിപ്പ് നടന്നാൽ ഉടൻ ടോൾ ഫ്രീ നമ്പറായ 1930ൽ വിളിച്ചു പരാതി അറിയിക്കണമെന്നും സൈബർ പൊലീസ് അറിയിച്ചു. www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതി നൽകാം. ഇങ്ങനെ പരാതി നൽകിയശേഷം സൈബർ പൊലീസുമായി ബന്ധപ്പെടണം.

English Summary: Cyber Police Nabs Gang of Scammers Involved in Rs 45 Lakh Extortion Case
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com