ബൈക്കിൽ ഇരുന്നത് ചോദ്യം ചെയ്ത 14കാരനെ മർദിച്ചു; രക്ഷിക്കാനെത്തിയ പിതാവിനെ അടിച്ചുകൊന്നു

Mail This Article
ന്യൂഡൽഹി ∙ മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ അടിച്ചുകൊന്നു. ഓക്‌ല സഞ്ജയ് കോളനിയിലാണു സംഭവം. കൗമാരക്കാരായ കുട്ടികൾ ചേർന്ന് മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണു പിതാവിനെ കട്ട കൊണ്ട് അടിച്ചുകൊന്നത്. ചുമട്ടു തൊഴിലാളിയായ മുഹമ്മദ് ഹനീഫ് ആണ് കൊല്ലപ്പെട്ടത്. മകനും ഗുരുതരമായി പരുക്കേറ്റു.
വെള്ളിയാഴ്ച രാത്രി 11നായിരുന്നു സംഭവം. പാർക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കുന്നതിനാണ് ഫനീഫിന്റെ 14 വയസ്സുകാരനായ മകൻ രാത്രിയിൽ തെരുവിലെത്തിയത്. ബൈക്കിനു മുകളിൽ അഞ്ചു പേരടങ്ങുന്ന സംഘം ഇരിക്കുന്നുണ്ടായിരുന്നു. ഇവരോട് മാറാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടർന്ന് തർക്കമായി. ബഹളം കേട്ടാണ് ഹനീഫ് ഇവിടേക്ക് എത്തിയത്.
മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച ഹനീഫിനെയും സംഘം കട്ട കൊണ്ട് ആക്രമിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു. ജി20 ഉച്ചകോടിയുടെ ഭാഗമായി 50,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിൽ നിയോഗിച്ചിരിക്കെയാണു ദാരുണമായ സംഭവം. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: Delhi Man Beaten To Death