നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ചു; തിരുവനന്തപുരം മെഡി. കോളജിന് അപൂര്‍വനേട്ടം
Mail This Article
തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ്സുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിക്ക് സങ്കീര്‍ണ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്തതിനാലാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ടീം അംഗങ്ങളെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. കെ.ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. എം.ആശിഷ് കുമാര്‍, ഡോ. വി.വി.രാധാകൃഷ്ണന്‍, ഡോ. മാത്യു ഐപ്പ്, ഡോ. സിബു മാത്യു, ഡോ. പ്രവീണ്‍ വേലപ്പന്‍, മറ്റു കാര്‍ഡിയോളജി ഫാക്കല്‍റ്റി, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഡോ. രവി കുമാര്‍, ഡോ. അരവിന്ദ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. മായ, ഡോ. അന്‍സാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗം ടെക്‌നീഷ്യന്‍മാര്‍, നഴ്‌സുമാര്‍, മറ്റു അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം ഈ അപൂര്‍വ നേട്ടത്തിന് പിന്നിലുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയും രോഗിക്ക് ലഭ്യമാക്കിയിട്ടുണ്ട്.
English Summary: Heart Valve Replaced without opening chest at Thiruvananthapuram Medical College; Rare Achievement