53 എംഎൽഎമാരിൽ 40 പേരും അജിത് വിഭാഗത്തില്‍; ആദ്യമായി സ്ഥിരീകരിച്ച് ശരദ് പവാർ

Mail This Article
മുംബൈ∙ അജിത് പവാർ വിഭാഗത്തിലെ 40 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി തിരഞ്ഞെടുപ്പ് കമ്മിഷനു സത്യവാങ്മൂലം സമർപ്പിച്ചു. പാർട്ടിയുടെ പേരും പാർട്ടി ചിഹ്നവും അവകാശപ്പെട്ട് അജിത് വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ ഹർജിക്കുള്ള മറുപടിയായാണ് സത്യവാങ്മൂലം നൽകിയത്.
53 എംഎൽഎമാരിൽ 40 പേരും അജിത് വിഭാഗത്തിലാണെന്ന് പവാർ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ശരദ് പവാറാണ് ഇപ്പോഴും തിരഞ്ഞെടുക്കപ്പെട്ട ദേശീയ അധ്യക്ഷനെന്നും നിയമസഭാ കക്ഷി നേതാവും പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീൽ ഇപ്പോഴും പവാറിനൊപ്പമാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 31 എംഎൽഎമാരെ കൂടി അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറിനും ശരദ് പവാർ വിഭാഗം കത്തയച്ചു. നേരത്തെ മന്ത്രിസഭയിൽ ചേർന്ന അജിത് ഉൾപ്പെടെ 9 എംഎൽഎമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തയച്ചിരുന്നു.
ജൂലൈ 2നാണ് അജിത് പവാർ പാർട്ടി പിളർത്തി ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ പാർട്ടിയിൽ പിളർപ്പുണ്ടായിട്ടില്ലെന്നും ചില നേതാക്കൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുകയാണ് ഉണ്ടായതെന്നുമുള്ള ശരദ് പവാറിന്റെ സമീപകാല പ്രസ്താവന വിവാദമായിരുന്നു. പിന്നീട് പവാർ തിരുത്തി.
English Summary: Sharad Pawar's NCP admits 40 MLAs have defected to Ajit camp