‘ഇന്ത്യ’യുടെ ഏകോപനസമിതി യോഗം ഇന്ന്; സീറ്റ് പങ്കിടൽ, തിരഞ്ഞെടുപ്പ് തന്ത്രം ചർച്ചയായേക്കും

Mail This Article
ന്യൂഡൽഹി∙ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ, പ്രതിപക്ഷത്തെ ഏകോപിപ്പിക്കാനുള്ള 14 അംഗ സമിതി (കോർഡിനേഷൻ കമ്മിറ്റി) ഇന്നു വൈകിട്ട് ഡൽഹിയിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ യോഗം ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് പങ്കിടൽ, തിരഞ്ഞെടുപ്പ് തന്ത്രം എന്നിവ യോഗത്തിൽ ചർച്ചയായേക്കും. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന പ്രചാരണ പരിപാടികൾക്കും റാലികൾക്കും അന്തിമരൂപം നൽകുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും.
ഏകോപനസമിതി യോഗത്തിനു മുന്നോടിയായി, ഇന്നലെ ശിവസേന (ഉദ്ധവ് വിഭാഗം) തലവൻ ഉദ്ധവ് താക്കറെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 90 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ, ഏകോപന സമിതി യോഗത്തെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കെ.സി.വേണുഗോപാൽ (കോൺഗ്രസ്), ടി.ആർ.ബാലു (ഡിഎംകെ), ഹേമന്ത് സോറൻ (ജെഎംഎം), സഞ്ജയ് റാവുത്ത് (ശിവസേന ഉദ്ധനവ് വിഭാഗം), തേജസ്വി യാദവ് (ആർജെഡി), രാഘവ് ചദ്ദ (എഎപി), ജാവേദ് അലി ഖാൻ (എസ്പി), ലലൻ സിങ് (ജെഡിയു), ഡി.രാജ (സിപിഐ), ഒമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പിഡിപി), അഭിഷേക് ബാനർജി (തൃണമൂൽ) എന്നിവരാണ് ഏകോപനസമിതി അംഗങ്ങൾ.
സിപിഎം ഇതുവരെ ഒരു അംഗത്തെയും കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തിട്ടില്ല. അതിനാൽ ഇന്നത്തെ യോഗത്തില്‍ നിന്നും പാർട്ടി വിട്ടുനിൽക്കും. സെപ്റ്റംബർ 16, 17 തീയതികളിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ സിപിഎമ്മിനെ പ്രതിനിധീകരിക്കുന്നത് ആരെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇന്നു ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നൽകിയിട്ടുള്ളതിനാൽ തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയും യോഗത്തിൽ പങ്കെടുക്കില്ല.
English Summary: INDIA bloc's coordination committee meeting in Delhi, today