‘ഇത് പിന്തിരിപ്പൻ മനോഭാവം; വീട്ടുജോലി ഭാര്യയുടെ മാത്രം ജോലിയല്ല’

Mail This Article
മുംബൈ ∙ വീട്ടിലെ എല്ലാ ജോലിയും ഭാര്യ ചെയ്യുമെന്നത് പിന്തിരിപ്പൻ മനോഭാവമാണെന്നും കുടുംബത്തിന്റെ ഉത്തരവാദിത്തം ഭർത്താവും ഭാര്യയും തുല്യമായി വഹിക്കണമെന്നും ബോംബെ ഹൈക്കോടതി ഓർമിപ്പിച്ചു. ഭാര്യ വീട്ടുജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ച് പുണെ സ്വദേശിയായ 35 വയസ്സുകാരൻ നൽകിയ വിവാഹമോചന ഹർജി കോടതി തള്ളി.
ഹർജി നേരത്തേ കുടുംബക്കോടതി തള്ളിയതിനെത്തുടർന്നാണ് ഇയാൾ ഹൈക്കോടതിയിലെത്തിയത്. ഭാര്യ വീട്ടുജോലി ചെയ്യാത്തതിനാൽ തനിക്കു ഭക്ഷണം കഴിക്കാതെ ഓഫിസിൽ പോകേണ്ടിവരുന്നുവെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
സ്വന്തം അമ്മയുമായി ഫോണിൽ സംസാരിക്കാനാണ് ഭാര്യ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നും ആരോപിച്ചിരുന്നു. എന്നാൽ, വിവാഹശേഷം സ്ത്രീകൾ മാതാപിതാക്കളുമായുള്ള ബന്ധം വിഛേദിക്കുമെന്നു കരുതാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 2010 ൽ വിവാഹിതരായ ഉദ്യോഗസ്ഥ ദമ്പതികൾ 10 വർഷമായി അകന്നുജീവിക്കുകയാണ്.
English Summary: Bombay High Court Pronounces Revolutionary Ruling: Family Responsibilities Must Be Shared Equally by Husband and Wife