നിപ്പ ഉൾപ്പെടെ വ്യാപിക്കുന്നു; ജില്ലാ മെഡിക്കൽ ഓഫിസർമാരില്ലാതെ മൂന്നു ജില്ലകൾ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും 3 ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫിസറുടെ (ഡിഎംഒ) തസ്തിക ഒഴിഞ്ഞു കിടക്കുന്നു. കണ്ണൂർ, വയനാട്, എറണാകുളം എന്നീ ജില്ലകളിലെ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. വകുപ്പുതല പ്രമോഷൻ കമ്മിറ്റി യോഗം ചേർന്ന് പട്ടിക തയാറാക്കി സർക്കാരിനു സമർപ്പിച്ച് മാസങ്ങളായെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല.
ഡിസ്ട്രിക്റ്റ് സർവൈലൻസ് ഓഫിസേഴ്സിനാണ് (ഡിഎസ്ഒ) ഡിഎംഒയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. നിപ്പ പോലുള്ള പകർച്ച വ്യാധികൾ പടരുമ്പോൾ നടപടികൾ സ്വീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകേണ്ടത് ഈ ഉദ്യോഗസ്ഥരാണ്. ഡിഎംഒയുടെ ചുമതല വഹിക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ കഴിയാത്ത സാഹചര്യമുണ്ട്. മൂന്നു മാസത്തിലധികമായി ഈ ഫയൽ ആരോഗ്യവകുപ്പില്‍ തീരുമാനം ആകാതെ കിടക്കുകയാണ്.
ആരോഗ്യവകുപ്പിന്റെ വിശദീകരണം: 3 ജില്ലകളിൽ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. എത്രയും വേഗം ആളെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങളുള്ളതിനാലാണ് സ്ഥിരനിയമനം വൈകിയത്. പകരം ചുമതല നൽകിയിട്ടുള്ളതിനാൽ പ്രവർത്തനങ്ങള്‍ തടസ്സപ്പെടുന്ന സാഹചര്യമില്ല.
English Summary: District medical officer's post vacant in 3 district