സനാതനധര്‍മ്മത്തെ തകര്‍ക്കുമെന്ന് പറയുന്നവര്‍ക്ക് അതിന്റെ അര്‍ഥം അറിയില്ല: ആര്‍എസ്എസ്
Mail This Article
പുണെ∙ ധര്‍മ്മത്തെ തകര്‍ക്കണമെന്ന ആഗ്രഹത്തോടെ പ്രാചീനകാലം മുതല്‍ പലരും രംഗത്തുവന്നിട്ടുണ്ടെന്നും അവര്‍ക്കൊന്നും നിലനിൽപുണ്ടായിട്ടില്ലെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. സനാതനധര്‍മ്മത്തെ ഇല്ലാതാക്കുമെന്നു പറയുന്നവര്‍ക്ക് അതിന്റെ അര്‍ഥമെന്തെന്നു മനസ്സിലായിട്ടുണ്ടാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൂണെയിൽ സമാപിച്ച ആര്‍എസ്എസ് അഖിലഭാരതീയ സമന്വയ ബൈഠക്കിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ വൈദ്യ.
‘‘ധര്‍മ്മമെന്നത് ഈ രാഷ്ട്രത്തിന്റെ ആധ്യാത്മിക ജീവിതസമ്പ്രദായമാണ്. അതുതന്നെയാണു ഹിന്ദുത്വം. സനാതനം അതിന്റെ വിശേഷണമാണ്. ധര്‍മ്മത്തിനു ച്യുതി ഉണ്ടാകുമ്പോഴെല്ലാം ഭാരതത്തില്‍ നവോത്ഥാനനായകര്‍ മുന്നോട്ടുവരുകയും സമാജത്തെ ധര്‍മ്മത്തില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യും. എപ്പോഴൊക്കെ ധര്‍മ്മഗ്ലാനി ഉണ്ടാകുന്നോ അപ്പോഴെല്ലാം താന്‍ അവതരിക്കുമെന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ വാക്കുകളും അതാണു സൂചിപ്പിക്കുന്നത്. ധര്‍മ്മം മതമല്ല, ജീവിതത്തെ മുന്നോട്ടു നയിക്കുന്ന മൂല്യമാണ്. ഈശ്വരസാക്ഷാത്കാരത്തിന് ഓരോ വ്യക്തിക്കും അവരവരുടേതായ സമ്പ്രദായങ്ങളുണ്ട്. അത്തരം വിശ്വാസങ്ങള്‍ക്കു പരമസ്വാതന്ത്ര്യമുള്ള ആത്മീയ ജനാധിപത്യമാണു ധര്‍മ്മത്തിന്റെ സവിശേഷത. ഒരേ ചൈതന്യത്തെ പല ആവിഷ്‌കാരങ്ങളിലൂടെ ഉപാസിക്കാനുള്ള സ്വാതന്ത്ര്യമാണ്. വിവിധതയിലെ ഈ ഏകതയാണു ഭാരതത്തിന്റെ സവിശേഷത’’– മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
ഈ രാഷ്ട്രത്തിന്റെ പേരു പുരാതനകാലം മുതല്‍ തന്നെ ഭാരതമെന്നാണെന്നും അത് ഭാരതമായിത്തന്നെ തുടരണമെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുന്ന, സമാജത്തില്‍ സംസ്‌കാരത്തെ ഉറപ്പിക്കുന്ന പ്രവര്‍ത്തനമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
English Summary: RSS says people who says they will destroy Sanatana Dharma dont know its meaning