ADVERTISEMENT

തിരുവനന്തപുരം∙ സോളർ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇക്കാര്യത്തിൽ കോൺഗ്രസിനും യുഡിഎഫിനും വ്യക്തമായ നിലപാടാണുള്ളത്. മുഖ്യമന്ത്രി നിർദ്ദേശിച്ച അന്വേഷണം വേണ്ടെന്നാണ് യുഡിഎഫ് യോഗത്തിനുശേഷം യുഡിഎഫ് കൺവീനർ പറഞ്ഞതെങ്കിലും, ഇനി മൊത്തം അന്വേഷണം വേണ്ട എന്ന തരത്തിൽ അത് തെറ്റിദ്ധരിക്കപ്പെട്ടു. മന്ത്രിസഭാ പുനഃസംഘടന ഇടതുമുന്നണിയുടെ ആഭ്യന്തര കാര്യമാണെന്നും മുഖം മിനുക്കി മിനുക്കി കൂടുതൽ വികൃതമാകുമോയെന്നു കാത്തിരുന്നു കാണാമെന്നും സതീശൻ പ്രതികരിച്ചു.

‘‘സോളർ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന കാര്യത്തിൽ ഒരു ആശയക്കുഴത്തിന്റെയും ആവശ്യമില്ല. അന്വേഷണം വേണമെന്നു തന്നെയാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാട്. ഒരു ചെറിയ ആശയക്കുഴപ്പം ഉണ്ടായി എന്നത് നേരാണ്. യുഡിഎഫ് യോഗം കഴിഞ്ഞ് കൺവീനർ സംസാരിച്ചപ്പോൾ അന്വേഷണം വേണ്ടാ എന്നു പറഞ്ഞു. അതിനു കാരണമുണ്ട്. അന്വേഷണത്തിന് എഴുതിക്കൊടുക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തു. മുഖ്യമന്ത്രിയാണ് ഈ കേസിലെ ഒന്നാം പ്രതിയെന്ന് ഞാൻ തന്നെ നിയമസഭയിൽ പറഞ്ഞതാണ്. ഒന്നാം പ്രതിയായ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് അന്വേഷണം വേണമെന്ന് നമ്മൾ എഴുതിക്കൊടുക്കുന്നത്? ആ അന്വേഷണം വേണ്ട, അതായത് കേരള പൊലീസിന്റെ അന്വേഷണം വേണ്ട എന്നാണ് കൺവീനർ പറഞ്ഞത്. അത് മൊത്തം അന്വേഷണം വേണ്ട എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടതാണ്.

എന്താലായും ഞങ്ങൾക്കു യാതൊരു ആശയക്കുഴപ്പവുമില്ല. ഇനി അന്വേഷണം നടന്നില്ലെങ്കിൽ, നിയമപരമായ നടപടികൾ സ്വീകരിക്കണം എന്നാണ് കോൺഗ്രസും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. അതിന‌ു രണ്ട് സാധ്യതകളുണ്ട്. അതിൽ ഒന്ന്, കൊട്ടാരക്കരയിൽ ഉമ്മൻ ചാണ്ടി തന്നെ മൊഴി കൊടുത്ത കേസാണ്. അത് ശക്തമായ കേസാണ്. ഇന്ത്യയിലെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയായ സിബിഐയുടെ ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ മേൽപ്പറഞ്ഞ കേസിനെ ശക്തിപ്പെടുത്താൻ കൊടുക്കണോ, അതോ വേറെ കേസുമായി ഹൈക്കോടതിയിൽ പോകണോ എന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി ചർച്ച നടത്തി രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. അല്ലാതെ അതിൽ യാതൊരു ആശയക്കുഴപ്പവുമില്ല.

കത്ത് വ്യാജമാണ്, പണം മേടിച്ച് പുറത്തുവിട്ടതാണ്, പണം വാങ്ങി സൗകര്യമനുസരിച്ച് ഓരോരുത്തരുടെയും പേര് എഴുതിച്ചേർത്തതാണ്, അതിന് ഇടനിലക്കാരുണ്ടായിരുന്നു, ആ ഇടനിലക്കാരുമായാണ് സർക്കാരിനു സൗഹൃദം, ആ ഇടനിലക്കാർ വഴി ഈ പരാതിക്കാരിയുടെ കയ്യിൽനിന്നു വ്യാജനിർമിതിയുണ്ടാക്കി എല്ലാവരെയും പെടുത്തിയതാണ്... ഇതെല്ലാം ഇതിനകം വ്യക്തമായല്ലോ. ഇതു ക്രിമിനൽ ഗൂഢാലോചനയാണു നടന്നിരിക്കുന്നത്.

ഇതേക്കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞത് ശരിയാണ്. ലൈംഗിക ആരോപണത്തെക്കുറിച്ചല്ല അന്വേഷണം വേണ്ടത്. അതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ വന്നു. പക്ഷേ, ഈ ലൈംഗിക ആരോപണത്തിൽ ആരോപണവിധേയരായ ആളുകളെ മനഃപൂർവം കുടുക്കാൻ വേണ്ടി നടത്തിയ ഗൂഢാലോചനയാണ് അന്വേഷിക്കേണ്ടത്. അതാണ് ഞങ്ങൾ നിയമസഭയിൽ പറഞ്ഞതും ഇപ്പോഴും പറയുന്നതും. ഇക്കാര്യത്തിൽ ആശയക്കുഴപ്പമൊന്നുമില്ല. എന്തായാലും സർക്കാർ നടപടി തീരുമാനിക്കട്ടെ. ഇല്ലെങ്കിൽ ഞങ്ങൾ നിയമനടപടി സ്വീകരിക്കും. എന്തായാലും മുഖ്യമന്ത്രി അന്വേഷിക്കേണ്ട’’ – സതീശൻ വിശദീകരിച്ചു.

English Summary: VD Satheesan Clarifies Congress' Stand On Solar Case Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT