‘ആയുരാരോഗ്യവും സന്തോഷവും നേരുന്നു’: മോദിക്ക് ആശംസകളുമായി പിണറായിയും രാഹുലും

Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ആശംസാപ്രവാഹം. രാഷ്ട്രപതി ദ്രൗപദി മുർമു, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. മോദിക്ക് ഇന്ന് 73 വയസ്സാണ് പൂർത്തിയായത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേരുന്നു’ എന്നു രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്ഫോമിൽ ഒറ്റവരിയിൽ കുറിച്ചു. ‘‘പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ. താങ്കൾക്ക് ആയുരാരോഗ്യവും സന്തോഷവും നേരുന്നു.’’– മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു.
‘അമൃത് കാലത്ത്’ മോദി തന്റെ ദീർഘവീക്ഷണവും ശക്തമായ നേതൃത്വവും കൊണ്ട് എല്ലാ മേഖലകളിലും ഇന്ത്യയുടെ വികസനത്തിന് വഴിയൊരുക്കട്ടെയെന്ന് ആശംസിക്കുന്നതായി രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പുതിയ ഇന്ത്യയുടെ ശിൽപിയെന്ന് മോദിയെ പ്രശംസിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യത്തിന്റെ പൈതൃകത്തിൽ ഊന്നി മഹത്തായതും സ്വയംപര്യാപ്തവുമായ ഇന്ത്യയ്ക്കു വേണ്ടി ശക്തമായ അടിത്തറ മോദി പാകിയതായും പറഞ്ഞു.
‘‘പാർട്ടിയായാലും സർക്കാരായാലും, ദേശീയ താൽപര്യം പരമോന്നതമാകാനുള്ള പ്രചോദനം മോദിജിയിൽനിന്ന് ഞങ്ങൾക്ക് എപ്പോഴും ലഭിക്കുന്നു. ഇത്തരമൊരു അതുല്യനായ നേതാവിന് കീഴിൽ രാജ്യത്തെ സേവിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു.’’– അമിത് ഷാ കുറിച്ചു.
ഇന്ത്യൻ സംസ്‌കാരത്തിന്റെ ആഗോള അന്തസ്സിനും ജനങ്ങളുടെ ബഹുമുഖ വികസനത്തിനും രാജ്യത്തിന്റെ സാർവത്രിക പുരോഗതിക്കും പ്രധാനമന്ത്രി വ്യക്തമായ രൂപം നൽകിയെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ ആശംസിച്ചു. ‘‘നമ്മുടെ ലക്ഷ്യമായ ‘അന്ത്യോദയ’ (അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനം) എല്ലാ ഗ്രാമങ്ങളിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തിച്ചേരുകയും വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയത്തിനുള്ള മന്ത്രമായി മാറുകയും ചെയ്തു.’’– നഡ്ഡ പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു. ഇന്ത്യയ്‌ക്ക് മോദി കേവലം ഒരു പുതിയ വ്യക്തിത്വം മാത്രമല്ല, ലോകത്തിൽ രാജ്യത്തിന്റെ യശസ്സ് വർധിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. ‘‘പ്രധാനമന്ത്രി ഇന്ത്യയുടെ വികസനം പുതിയ ഉയരങ്ങളിലെത്തിച്ചു, അദ്ദേഹത്തിന് ആയുരാരോഗ്യവും ദീർഘായുസ്സും നേരുന്നു.’’– രാജ്നാഥ് സിങ് പറഞ്ഞു.
English Summary: Prime Minister Modi turns 73, Rahul Gandhi extends his wishes