അടിമത്തം, എച്ച്-1ബി വീസ അവസാനിപ്പിക്കാൻ ആഗ്രഹമെന്ന് വിവേക്; ഉപയോഗിച്ചത് 29 തവണ

Vivek Ramaswamy | Photo: REUTERS/Cheney Orr
വിവേക് രാമസ്വാമി (Photo: REUTERS/Cheney Orr)
SHARE

വാഷിങ്ടൻ ∙ എച്ച്-1ബി വീസ പ്രോഗ്രാം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ മത്സരരംഗത്തുള്ള ഇന്ത്യൻ-അമേരിക്കൻ വംശജൻ വിവേക് രാമസ്വാമി. ലോട്ടറി സമ്പ്രദായത്തിന് പകരം യഥാർഥ മെറിറ്റോക്രാറ്റിക് പ്രവേശനമാണ് വേണ്ടതെന്നും എച്ച്-1 ബി വീസ ഒരു തരത്തിലുള്ള കരാർ അടിമത്തമാണെന്നും അദ്ദേഹം പറഞ്ഞു. 

സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വീസയാണ് എച്ച്-1ബി വീസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് യുഎസ് കമ്പനികള്‍ ഈ വീസയെ ആശ്രയിക്കുന്നു. വിവേക് രാമസ്വാമിയുടെ പ്രസ്താവന യുഎസിലും ഇന്ത്യയിലുമുള്ള ടെക്കികളെ ആശങ്കപ്പെടുത്തുന്നതാണെന്നു വിമർശനമുണ്ട്.

വിവേക് രാമസ്വാമി തന്നെ 29 തവണ ഈ വീസ പ്രോഗ്രാം ഉപയോഗിച്ചിട്ടുണ്ട്. 2018 മുതൽ 2023 വരെ, എച്ച്-1ബി വീസയ്ക്ക് കീഴിലുള്ള ജീവനക്കാരെ നിയമിക്കുന്നതിന് രാമസ്വാമിയുടെ മുൻ കമ്പനിയായ റോവന്റ് സയൻസസിന്റെ 29 അപേക്ഷകൾ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അംഗീകരിച്ചിരുന്നു. 2021 ഫെബ്രുവരിയിൽ റോവന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സ്ഥാനം വിവേക് ഒഴിഞ്ഞെങ്കിലും ഈ വർഷം ഫെബ്രുവരി വരെ കമ്പനിയുടെ ഡയറക്ടർ ബോർഡ് അധ്യക്ഷനായി തുടർന്നു.

ഈ വർഷം ജൂലൈയിൽ, എച്ച്-1ബി തൊഴിൽ വീസയിൽ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളുടെ വാർഷിക പ്രവേശനം ഇരട്ടിയാക്കാൻ നിർദേശിക്കുന്ന ബിൽ ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി അവതരിപ്പിച്ചിരുന്നു. പ്രതിവർഷം ലഭ്യമായ എച്ച്-1 ബി വീസകളുടെ എണ്ണം 65,000 ൽ നിന്ന് 1,30,000 ആയി ഉയർത്താനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ, എച്ച്-1 ബി വിസയുടെ നാലിൽ മൂന്ന് ഭാഗവും ഇന്ത്യക്കാരാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

English Summary: Vivek Ramaswamy Wants To End H-1B Visa Programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS