Nipah Updates

നിപ്പയിൽ വീണ്ടും ആശ്വാസം; ഹൈ റിസ്ക് വിഭാഗത്തിലെ 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

2153300333
മന്ത്രി വീണാ ജോർജ് (ഫയൽ ചിത്രം)
SHARE

കോഴിക്കോട്∙ സംസ്ഥാനത്ത് നിപ്പ ഭീതിക്കിടെ ആശ്വാസമേകി കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച 61 സാംപിളുകളുടെ ഫലമാണ് നെഗറ്റീവ് ആയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. നിപ്പ ബാധിച്ച് മരിച്ച ഹാരിസുമായി അടുത്തിഴപഴകിയ വ്യക്തിയുടെ പരിശോധനാ ഫലവും ഇക്കൂട്ടത്തിലുണ്ട്. ഏറ്റവും ഒടുവിൽ നിപ്പ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയുടെ ഫലവും നെഗറ്റീവാണെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്നലെ വൈകിട്ടു വരെ ലഭിച്ച 42 പരിശോധനാഫലങ്ങളും നെഗറ്റീവാണെന്നു സ്ഥിരീകരിച്ചതിന്റെ ആശ്വാസത്തിനൊപ്പമാണ് 61 ഫലങ്ങൾ കൂടി നെഗറ്റീവായത്.

ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയത് ആശ്വാസ വാർത്തയാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കോഴിക്കോടിനു പുറമേ മറ്റു ജില്ലകളിൽനിന്നുള്ളവരുടെ ഭൂരിപക്ഷം സാംപിളുകളും നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കി.

‘‘കേന്ദ്രസംഘം ഇന്നും ഫീൽഡിലുണ്ട്. ഇന്ന് കേന്ദ്രസംഘവുമായി വളരെ വിശദമായ ചർച്ച നടത്തിയിരുന്നു. കേരളത്തിന്റെ പ്രവർത്തനങ്ങളെ അവർ അഭിനന്ദിച്ചു. കേന്ദ്രസംഘത്തിന്റെ ഒരു ടീം ഇന്ന് മടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. ആശുപത്രിയിലും ഫീൽഡിലും ഉൾപ്പെടെ നാം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ അവർ നേരിട്ടെത്തി കണ്ടു മനസ്സിലാക്കി. അതിന്റെ അടിസ്ഥാനത്തിൽ നല്ല രീതിയിലുള്ള പ്രവർത്തനമാണ് നമ്മൾ നടത്തുന്നതെന്നാണ് ഏറ്റവും ഒടുവിൽ നടത്തിയ യോഗത്തിലും അവർ പറഞ്ഞത്’’ – മന്ത്രി വീണാ ജോർജ് വിശദീകരിച്ചു.

അതിനിടെ, കണ്ടയ്ൻമെന്റ് സോണിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ, ഉന്നത പൊലീസ് മേധാവികൾ എന്നിവരുടെ യോഗം രാവിലെ 11ന് ചേരും.

നിപ്പ ബാധിതനായ ഒൻപതു വയസ്സുകാരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽനിന്നു മാറ്റിയിരുന്നു. നിപ്പ ലക്ഷണങ്ങളുമായി തിരുവനന്തപുരത്തു പ്രത്യേക നിരീക്ഷണത്തിലായിരുന്ന 2 പേരുടെയും ഫലം നെഗറ്റീവാണ്. ഇന്നലെ പുതുതായി 44 പേരെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ നിലവിൽ പട്ടികയിലുള്ളത് 1,233 പേരാണ്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിൽ 352 പേരുണ്ട്. രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദ്യരോഗിയിൽനിന്നാണു മറ്റെല്ലാവർക്കും രോഗം പകർന്നത്. വൈറസിന്റെ ജീനോമിക് സീക്വൻസിങ് നടത്തി ഇത് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary: Big Relief in Nipah scare as test results of high-risk individuals come back negative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS