ന്യൂഡൽഹി ∙ വനിതാ സംവരണ ബില്ലിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്നും പാർലമെന്റിൽ അവതരിപ്പിക്കുമെന്നുമുള്ള റിപ്പോർട്ടുകളെ സ്വാഗതം ചെയ്ത് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്. ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണെന്നു കോൺഗ്രസ് അഭിപ്രായപ്പെട്ടു. ബിൽ അവതരിപ്പിച്ചാൽ കോൺഗ്രസിന്റെ വിജയമാണെന്നു മുതിർന്ന നേതാവ് പി.ചിദംബരം പറഞ്ഞു.
“കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, ബില്ലിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുൻപുള്ള സർവകക്ഷി യോഗത്തിൽ ഇത് ചർച്ച ചെയ്യാമായിരുന്നു, രഹസ്യമായി പ്രവർത്തിക്കുന്നതിന് പകരം സമവായം ഉണ്ടാക്കാമായിരുന്നു’’– കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സമൂഹമാധ്യമമായ എക്‌സിൽ (ട്വിറ്റർ) കുറിച്ചു. കോൺഗ്രസ് എന്തുകൊണ്ട് ബില്ലിനെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കാൻ ഞായറാഴ്ചത്തെ തന്റെ വിശദമായ പോസ്റ്റും അദ്ദേഹം പങ്കിട്ടു.
ജയറാം രമേശിന്റെ പോസ്റ്റിൽനിന്ന്:
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസാക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ഈ വിഷയത്തിലെ ചില വസ്തുതകൾ ഇതാ:
1. 1989 മേയിൽ പഞ്ചായത്തുകളിലും നഗരപാലികകളിലും മൂന്നിലൊന്ന് സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ രാജീവ് ഗാന്ധി ആദ്യമായി അവതരിപ്പിച്ചു. ഇത് ലോക്‌സഭയിൽ പാസാക്കിയെങ്കിലും 1989 സെപ്റ്റംബറിൽ രാജ്യസഭയിൽ പരാജയപ്പെട്ടു.
2. പ്രധാനമന്ത്രി പി.വി.നരസിംഹ റാവു 1993 ഏപ്രിലിൽ പഞ്ചായത്തുകളിലും നഗരപാലികകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ വീണ്ടും അവതരിപ്പിച്ചു. രണ്ട് ബില്ലുകളും പാസാക്കി നിയമമായി.
3. ഇപ്പോൾ പഞ്ചായത്തുകളിലും നഗരപാലികകളിലുമായി തിരഞ്ഞെടുക്കപ്പെട്ട 15 ലക്ഷത്തിലധികം വനിതാ പ്രതിനിധികളുണ്ട്. ഇത് ഏകദേശം 40% വരും.
4. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവന്നു. 2010 മാർച്ച് 9ന് ബിൽ രാജ്യസഭയിൽ പാസാക്കി. എന്നാൽ ഇത് ലോക്‌സഭയിൽ പരിഗണിച്ചില്ല.
5. രാജ്യസഭയിൽ അവതരിപ്പിച്ച/ പാസാക്കിയ ബില്ലുകൾ കാലഹരണപ്പെടുന്നില്ല. വനിതാ സംവരണ ബിൽ ഇപ്പോഴും സജീവമാണ്.
രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബിൽ ഇനി ലോക്‌സഭയും പാസാക്കണമെന്ന് കോൺഗ്രസ് പാർട്ടി കഴിഞ്ഞ 9 വർഷമായി ആവശ്യപ്പെടുന്നു.
English Summary: Congress welcomes reported move that government may introduce women's reservation bill