ഡ്രൈവർക്ക് ബ്രേക്ക് മാറി; വീടിനു മുന്നിൽ കാറിടിച്ച് വയോധികന് ദാരുണാന്ത്യം: ഭാര്യയ്ക്ക് ഗുരുതര പരുക്ക്

Mail This Article
ചെന്നൈ∙ ക്രോംപേട്ടിൽ കാറിനും മതിലിനും ഇടയിൽ ഞെരിഞ്ഞമർന്ന് വയോധികനു ദാരുണാന്ത്യം. ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ നിന്നിറങ്ങി വീട്ടിലേക്കു കയറവേ ഇതേ കാർ ഇടിക്കുകയായിരുന്നു. ബ്രേക്കിനു പകരം ഡ്രൈവർ ആക്സിലറേറ്റർ മാറിച്ചവിട്ടിയതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. ക്രോംപേട്ടിലെ സെന്തിൽ നഗർ തിരുവള്ളുവർ സ്ട്രീറ്റിൽ താമസിക്കുന്ന സുന്ദരം (74) ആണു കൊല്ലപ്പെട്ടത്. ഭാര്യ വൈദേഹി (67) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് അപകടം. നുങ്കമ്പാക്കത്ത് നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ ദമ്പതികൾ മകന്റെ സുഹൃത്തിന്റെ കാറാണ് ഉപയോഗിച്ചത്. ഓടിക്കാനായി പമ്മൽ സ്വദേശി സെൽവരാജി (53)നെയും ഏർപ്പാടാക്കി. പരിപാടി കഴിഞ്ഞ് അർധരാത്രിയോടെ വീട്ടിലേക്ക് മടങ്ങി.
വാഹനത്തിൽ നിന്ന് ഇറങ്ങി, സാധനങ്ങൾ എടുത്ത് ഗേറ്റിനു മുന്നിലെത്തിയതും കാർ ഇരുവർക്കും ഇടയിലേക്കു പാഞ്ഞു കയറുകയായിരുന്നു. വാഹനത്തിനും മതിലിനും ഇടയിൽ കുടുങ്ങി സുന്ദരം സംഭവസ്ഥലത്തു തന്നെ മരിച്ചു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ വൈദേഹിയെ ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റി. കാർ ഡ്രൈവർ സെൽവരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
English Summary: Man dies, wife hurt as car driver hits accelerator instead of brakes