ന്യൂയോർക്ക്∙ ഇന്ന് ആരംഭിക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നതതല യോഗത്തിനായി ലോകനേതാക്കൾ ന്യൂയോർക്കിൽ എത്താനിരിക്കെ, അവരുടെ കണ്ണിൽപ്പെടാതിരിക്കാൻ നഗരത്തിലെ തെരുവുകളിൽ അന്തിയുറങ്ങുന്നവരെ ഒഴിപ്പിച്ച് പൊലീസ്. പാതയോരങ്ങളിൽ ഷെഡുകൾ തീർത്തും കുടക്കീഴിലുമെല്ലാമായി അന്തിയുറങ്ങിയിരുന്ന ദരിദ്രരെയാണ് അടിയന്തരമായി ഒഴിപ്പിച്ചത്. പ്രധാനമായും യുഎൻ ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതിചെയ്യുന്ന റോഡിന്റെ വശങ്ങളിലുള്ളവരെയാണ് ഒഴിപ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെ ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭവനരഹിതരയ നൂറുകണക്കിന് ആളുകളുള്ള നഗരത്തിൽ, പാതയോരങ്ങളിൽ കുടിൽ കെട്ടി താമസിക്കുന്നവരെ എല്ലാ വർഷവും ന്യൂയോർക്ക് പൊലീസ് ഒഴിപ്പിക്കാറുണ്ട്. ഇത്തവണ ഐക്യരാഷ്ട സംഘടനയുടെ സുപ്രധാന യോഗം ചേരുന്നതിനു മുന്നോടിയായി ഈ ഒഴിപ്പിക്കൽ നടത്തുകയായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഏതാണ്ട് 150ൽ അധികം പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമാണ് യുഎൻ യോഗത്തിനായി ന്യൂയോർക്കിലെത്തുന്നത്. ഇവർക്കായി സുരക്ഷ ഒരുക്കുന്നതിന്റെ പേരിലാണ് ഒഴിപ്പിക്കലെങ്കിലും ലോകത്തിന്റെ സാമ്പത്തിക, മാധ്യമ തലസ്ഥാനമായ ന്യൂയോർക്കിന്റെ മറ്റൊരു മുഖം ലോക നേതാക്കൾ കാണുന്നതിലുള്ള ബുദ്ധിമുട്ടാണ് ഒഴിപ്പിക്കൽ നടപടിക്കു പിന്നിലെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം യോഗങ്ങൾക്കു മുന്നോടിയായി യുഎൻ ആസ്ഥാനം ഉൾപ്പെടുന്ന മേഖലയിൽ അതീവ സുരക്ഷ ഒരുക്കാറുണ്ട്. ന്യൂയോർക്ക് പൊലീസ്, ഫെഡറൽ ഏജന്റ്സ് എന്നിവർക്കു പുറമെ യുഎൻ ഒരുക്കുന്ന പ്രത്യേക സുരക്ഷയുമുണ്ട്. ഈ മേഖലയിൽ താമസിക്കുന്ന ആളുകളെയും കടുത്ത സുരക്ഷാ പരിശോധനകൾക്കുശേഷം മാത്രമേ ഇവിടേക്കു പ്രവേശിപ്പിക്കൂ.
നേരത്തെ, യുഎസ് പ്രസിഡന്റായിരിക്കെ ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നതിനു മുന്നോടിയായി അഹമ്മദാബാദ് നഗരത്തിലെ ചേരികൾ മതിൽ കെട്ടി മറച്ചത് വാർത്തയായിരുന്നു. ഇന്ത്യയുടെ അവികസിത പ്രദേശം ഡോണൾഡ് ട്രംപ് കാണാതിരിക്കാൻ അഹമ്മദാബാദ് നഗരസഭയാണ് മതിൽ കെട്ടാൻ ഉത്തരവിട്ടത്. അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ഗാന്ധിനഗറിലേക്കുള്ള വഴിയിൽ ചേരികൾ മറയ്ക്കാൻ 7 അടി ഉയരത്തിൽ 400 മീറ്റർ നീളത്തിലാണ് മതിൽ കെട്ടിയത്. മോദിയും ട്രംപും പങ്കെടുക്കുന്ന റോഡ് ഷോ ഈ വഴി കടന്നു പോകുന്ന സാഹചര്യത്തിലായിരുന്നു ഇത്.
English Summary: New York City hides away homeless living on pavements ahead of UNGA session