നിപ്പയിൽ ആശ്വാസം; പുതിയ രോഗികളില്ല, ഇളവുകൾ പ്രഖ്യാപിക്കുമെന്നു മന്ത്രി

Minister Veena George | Photo: Vidhuraj MT / Manorama
മന്ത്രി വീണാ ജോർജ് (Photo: Vidhuraj MT / Manorama)
SHARE

കോഴിക്കോട്∙ നിപ്പ വൈറസ് ബാധയിൽ കേരളത്തിന് ഇന്നും ആശ്വാസം. പുതിയ രോഗികളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ 218 സാംപിളുകൾ പരിശോധിച്ചു. ഇന്ന് ലഭിച്ച 71 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

പോസിറ്റീവായി ചികിത്സയിലുള്ള നാലു പേരിൽ യുവാക്കളായ മൂന്നുപേരുടെയും ആരോഗ്യസ്ഥിതി സ്ഥിരതയോടെ തുടരുന്നു. കുട്ടിക്ക് ഓക്‌സിജൻ നൽകുന്നുണ്ട്. ആരോഗ്യ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 13ന് കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ച ചിലയിടങ്ങളിൽ ചില ഇളവുകൾ പ്രഖ്യാപിക്കുന്നതിന് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. 

ഇത് വരെ 218 സാമ്പിളുകളാണ് പരിശോധിച്ചത്. തിങ്കളാഴ്ച കണ്ടെത്തിയ 37 പേരടക്കം 1270 പേരാണ് ആകെ സമ്പർക്ക പട്ടികയിൽ ഉള്ളത്. കൂടുതൽ സാമ്പിളുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 136 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഹൈറിസ്‌ക് പട്ടികയിൽ ഏറ്റവും കൂടുതൽ സംശയിച്ച സാമ്പിളുകൾ പോലും നെഗറ്റീവായി. ഏറ്റവുമൊടുവിൽ പോസിറ്റീവ് ആയ വ്യക്തിയുടെ ഏറ്റവും അടുത്ത സമ്പർക്കമുള്ള ആരോഗ്യ പ്രവർത്തകയ്ക്ക് നല്ല ലക്ഷണങ്ങൾ ഉണ്ടായിട്ടും നിപ്പയല്ല എന്ന് പരിശോധനയിൽ കണ്ടെത്തി. രണ്ടാമത് പോസിറ്റീവായ വ്യക്തിയുടെ കൂടെ കാറിൽ സഞ്ചരിച്ച വളരെ സമ്പർക്കമുള്ള വ്യക്തിയും നെഗറ്റീവാണ്. ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരിച്ച വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 407 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്. മരിച്ച ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 448 പേരാണ് ഉള്ളത്.

സമ്പർക്ക പട്ടികയിൽ ഉള്ളവരെ കണ്ടെത്തുന്നതിന് പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വളരെയധികം സഹായിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ ദിവസങ്ങളിൽ പോലീസിന്റെ സേവനം നല്ല രീതിയിൽ ഉണ്ടായെന്ന് മന്ത്രി എടുത്തുപറഞ്ഞു. ആദ്യത്തെ കേസിൽ ഉൾപ്പെട്ടയാൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് 21 ദിവസം മുമ്പ് സഞ്ചരിച്ചതിന്റെ മാപ്പ് പോലീസ് വകുപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം റൂട്ട് മാപ്പിൽ ഉൾപ്പെടാത്ത ലോ റിസ്‌ക് കോൺടാക്ട് ഉൾപ്പെടെ തിരിച്ചറിയുന്നതിൽ തദ്ദേശ സ്ഥാപനങ്ങളും സഹായിച്ചു.

മൃഗസംരക്ഷണ മേഖലയിലെ പഠനത്തിനായി വെറ്ററിനറി സർവകലാശാലയിലെ വിദഗ്ധർ ഉൾപ്പെടെയുള്ളവർ ജില്ലയിൽ കേന്ദ്ര സംഘത്തോടൊപ്പം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവിധ വകുപ്പുകൾ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. 

ഇപ്പോൾ നടത്തുന്ന സർവൈലൻസ് കൂടാതെ മൃഗങ്ങളുമായി ബന്ധപ്പെട്ട് നിരന്തരമായി കമ്മ്യൂണിറ്റി സർവൈലൻസ് നടത്താൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അസ്വാഭാവിക കാര്യങ്ങൾ ഉൾപ്പെടെ ഉണ്ടോ എന്ന് പരിശോധിക്കും. 47605 വീടുകളിൽ ഗൃഹ സന്ദർശനം പൂർത്തീകരിച്ചിട്ടുണ്ട്. കേന്ദ്രസംഘത്തിലെ മൂന്ന് പേർ തിങ്കളാഴ്ച മടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഒരു സംഘം ഇവിടെ തുടരും.

രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരുക്കിയ 75 മുറികളിൽ 60 എണ്ണം ഒഴിവുണ്ട്. ആറ് ഐസിയുകളും നാല് വെന്റിലേറ്ററുകളും 14 ഐസിയു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഒൻപത് മുറികളും അഞ്ച് ഐസിയുകളും രണ്ട് വെന്റിലേറ്ററുകളും 10 ഐസിയു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. മൂന്ന് സ്വകാര്യ ആശുപത്രികളിലായി 23 മുറികളും 22 ഐസിയുകളും ഏഴ് വെന്റിലേറ്ററുകളും 16 ഐസിയു കിടക്കകളും ഒഴിവുള്ളതായി ജില്ലാഭരണകൂടം അറിയിച്ചു.

ഓൺലൈൻ ക്ലാസുകൾ ഫലപ്രദം: മന്ത്രി മുഹമ്മദ് റിയാസ് 


ജില്ലയിൽ സ്‌കൂളുകൾ അടച്ച സാഹചര്യത്തിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ വളരെ ഫലപ്രദമായാണ് പോകുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി നേരിട്ട് നേതൃത്വം നൽകിയതിനാൽ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട ആശങ്ക ഒഴിവായി. ആരോഗ്യവകുപ്പ് മന്ത്രി, ജില്ലാ കലക്ടർ, ജില്ലാ ഭരണകൂടം എന്നിവരുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായാണ് നടക്കുന്നത്. തീരുമാനിച്ച കാര്യങ്ങളിൽ കൂടുതൽ ഇടപെടേണ്ട കാര്യങ്ങൾ വളരെ ഫലപ്രദമായാണ് നടപ്പിലാക്കുന്നത്. പ്രത്യേകം ഇടപെടേണ്ട കാര്യങ്ങളിൽ പ്രത്യേക യോഗങ്ങൾ നടക്കുകയും ഇത് നല്ല രീതിയിലാവുകയും ചെയ്തിട്ടുണ്ട്. ബേപ്പൂർ നിയോജകമണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിപ്പയുമായി ബന്ധപ്പെട്ട് കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച ചില വാർഡുകളിൽ ഇളവുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.

അവലോകന യോഗത്തിൽ  ഓൺലൈനായി വനം വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരും പങ്കെടുത്തു. ജില്ലാ കലക്ടർ എ ഗീത, സബ് കലക്ടർ വി ചെത്സാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, എ ഡി എം സി. മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.റീന കെ.ജെ, എ ഡി എച്ച് എസ് ഡോ. നന്ദകുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി.കെ, കേന്ദ്രസംഘത്തിലെ അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

English Summary: Nipah Virus Update: No New Cases Reported in Kerala


 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS