1.25 കോടിയുടെ സ്വര്‍ണം കവര്‍ന്നു; പത്തനംതിട്ട സ്വദേശി അറസ്റ്റില്‍: പൊലീസ് നായയെ പറ്റിക്കാന്‍ സോപ്പുപൊടി

kottayam-finance-theft-crimr-scene
പ്രതീകാത്മക ചിത്രം.
SHARE

കോട്ടയം ∙ എംസി റോഡ് കുറിച്ചി മന്ദിരം കവലയിലെ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട കൂടൽ സ്വദേശി അനീഷ് ആന്റണി (26) യാണു പിടിയിലാത്. സംഭവത്തിലെ കൂട്ടുപ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. കഴിഞ്ഞ മാസം ഏഴിനാണു കുറിച്ചി മന്ദിരം കവലയിലെ സുധാ ഫിനാൻസിൽ നിന്നു 6050 ഗ്രാം സ്വർണവും 8 ലക്ഷം രൂപയും  മുദ്രപ്പത്രങ്ങളും കവർന്നത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ നിന്നാണു പ്രതിയെ പിടികൂടിയത്. ഇയാൾ മറ്റു മോഷണ കേസുകളിലും പ്രതിയാണെന്നു പൊലീസ് പറയുന്നു. രക്ഷപെട്ട പ്രതിയും 15 ഓളം മോഷണ കേസുകളിൽ പ്രതിയാണ്. 

ഇരുനിലക്കെട്ടിടത്തിന്റെ മുകൾനിലയിലാണു സ്ഥാപനം പ്രവർത്തിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഞായറാഴ്ച അവധിയായതിനാൽ തുറന്നിരുന്നില്ല. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഗേറ്റിന്റെ താഴ് അറുത്തുമാറ്റിയ നിലയിൽ കണ്ടത്. ഇവർ അറിയിച്ചതനുസരിച്ചു സ്ഥാപന ഉടമയും ബന്ധുക്കളും എത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണു വൻ കവർച്ച നടന്നതായി ബോധ്യപ്പെട്ടത്. താഴത്തെ ഗേറ്റിന്റെ താഴ് അറുത്തുമാറ്റിയ ശേഷം മുകളിലെ ഷട്ടറിന്റെ താഴും അകത്തെ വാതിലിന്റെ പൂട്ടും കുത്തിത്തുറന്നാണ് അകത്തു കയറിയത്.

സ്വർണാഭരണങ്ങളും പണവും അടങ്ങിയ ലോക്കർ കട്ടർ ഉപയോഗിച്ചു പൊളിക്കുകയായിരുന്നു. സ്ഥാപനത്തിലും കയറിയ പടികളിലും സോപ്പുപൊടി വിതറിയിരുന്നു. പൊലീസ് നായയ്ക്കു മണം ലഭിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ രേഖപ്പെടുത്തുന്ന ഡിവിആർ അടക്കം അപഹരിച്ചു. ചങ്ങനാശേരി ഡിവൈഎസ്പി എ.കെ.വിശ്വനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. 

കൃത്യമായ ആസൂത്രണം 

രണ്ടാം നിലയിലെ സ്ഥാപനത്തിൽ കൃത്യമായ പദ്ധതി തയാറാക്കിയാണു മോഷ്ടാക്കൾ എത്തിയതെന്നും ദിവസങ്ങളോളം ഇവിടെ നിരീക്ഷണം നടത്തിയിട്ടുണ്ടാകുമെന്നും പൊലീസ് അനുമാനിച്ചു. പരിസരം നിരീക്ഷിക്കാൻ ഒരാൾ പുറത്തു നിന്നിട്ടുണ്ടാകണം. കടന്നുകളയാൻ പാകത്തിൽ വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിൽ മറ്റൊരാൾ ഉണ്ടായിരുന്നിരിക്കാം. മൂന്നു പേരെങ്കിലും അകത്തു കയറിയിട്ടുണ്ടാകാമെന്നും സംശയിക്കുന്നു.മുഖം മറച്ച് അകത്തു കടന്നു സിസിടിവിയുടെ ഡിവിആർ (ഡിജിറ്റൽ വിഡിയോ റിക്കോർഡർ) എടുത്തുമാറ്റി ക്യാമറ റിക്കോർഡ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കി. രണ്ട് ഹാർഡ്ഡിസ്കുകളും കവർന്നിട്ടുണ്ട്. ഡിവിആർ പൊളിച്ചപ്പോൾ പതിഞ്ഞ 3 വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. ഇലക്ട്രിക് കട്ടറിന്റെ ബ്ലേഡും അതു പൊതിയാൻ ഉപയോഗിച്ചതെന്നു കരുതുന്ന പത്രക്കടലാസും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തു. ഒരു പത്രത്തിന്റെ കൊച്ചി എഡിഷനിലെ ആലുവ പ്രാദേശികം പേജായിരുന്നു ഇത്. ഗ്യാസ് കട്ടറും ബ്ലേഡും എവിടെ നിന്നു വാങ്ങിയെന്നതു സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു.

പൊലീസ് നായയെ പറ്റിക്കാൻ സോപ്പുപൊടി പ്രയോഗം

മോഷണത്തിനു ശേഷം കെട്ടിടത്തിനു സമീപത്തു കൂടിയുള്ള സ്വകാര്യവഴിയിലൂടെ അടുത്ത പുരയിടത്തിലേക്കും അവിടെ നിന്ന് ഇടവഴിയും കടന്ന് എംസി റോഡരികിലെ ചെറിയ റബർത്തോട്ടത്തിലേക്കും മോഷ്ടാക്കൾ എത്തിയിട്ടുണ്ടെന്നു പൊലീസ് കരുതുന്നു. പൊലീസ് നായ ‘ഗണ്ണർ’ ഓടിയത് ഈ വഴിയാണ്.

സുധ ഫിനാൻസിന് എതിർവശത്തെ കടയിൽ‌ സിസിടിവി ക്യാമറയുണ്ടെങ്കിലും പരസ്യബോർഡിന്റെ മറവും ദൂരക്കൂടുതലും കാരണം ദൃശ്യം കിട്ടിയില്ലെന്നു പൊലീസ് പറഞ്ഞു. ഈ സിസിടിവിയിൽ പതിയാതിരിക്കാനും റോഡിലൂടെ പോകുന്നവരുടെ കണ്ണിൽപെടാതിരിക്കാനുമാകാം ഈ വഴി തിരഞ്ഞെടുത്തതെന്നാണു നിഗമനം. നായയെ കബളിപ്പിക്കാനായിരുന്നു സോപ്പുപൊടി പ്രയോഗമെങ്കിലും ലോക്കറിലെ പിടിയിൽ നിന്നു പൊലീസ് നായയ്ക്കു ഗന്ധം ലഭിച്ചു. ഈ മണം പിടിച്ചാണു മോഷ്ടാക്കൾ പോയെന്നു കരുതുന്ന വഴിയിലേക്കു നായ ഓടിയത്. സോപ്പുപൊടി കൊണ്ടുവന്ന കൂട് ഇടവഴിയിലെ മതിലിന്റെ സമീപത്തു കണ്ടെത്തി.

മോഷണത്തിനു പ്രാദേശിക പിന്തുണ ലഭിച്ചിട്ടുണ്ടെന്നു പൊലീസ് സംശയിച്ചിരുന്നു. പണവും സ്വർണവും മറ്റു രേഖകളും സ്ഥാപനത്തിൽ തന്നെയാണു സൂക്ഷിക്കുന്നതെന്ന് അറിയാവുന്നവരാകും മോഷ്ടാക്കളെ സഹായിച്ചത്. 30 വർഷത്തെ പാരമ്പര്യമുള്ള സുധ ഫിനാൻസ് മന്ദിരം കവലയിലെ പുരയ്ക്കൽ ബിൽഡിങ്ങിലെ രണ്ടാം നിലയിലേക്കു പ്രവർത്തനം മാറ്റിയിട്ട് 7 വർഷമായി. രണ്ടാം നിലയിൽ 3 മുറികളുണ്ടെങ്കിലും സുധ ഫിനാൻസ് മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.

താഴത്തെ നിലയിൽ ക്ലിനിക്കൽ ലാബ് ഉൾപ്പെടെ 3 സ്ഥാപനങ്ങളുണ്ട്. ഞായറാഴ്ച ഇവയെല്ലാം അവധിയാണ്.കെട്ടിടത്തിന്റെ പിറകിലാണു കെട്ടിട ഉടമസ്ഥർ താമസിക്കുന്നതെങ്കിലും കുറച്ചുദിവസമായി ഇവർ ബെംഗളൂരുവിലാണ്. സ്ഥാപന ഉടമ പരമേശ്വരൻ നായരുടെ വീടും സ്ഥാപനവും തമ്മിൽ ഒന്നര കിലോമീറ്റർ ദൂരമുണ്ട്. അദ്ദേഹത്തിന്റെ കുടുംബവിവരങ്ങളും പ്രവർത്തനരീതിയും സ്ഥാപനം എപ്പോൾ അടയ്ക്കുന്നു, തുറക്കുന്നു തുടങ്ങിയ വിവരങ്ങളെല്ലാം അറിയാവുന്നവരാണു മോഷണത്തിനു പിന്നിലെന്നും പൊലീസ് കണ്ടെത്തി. പരമേശ്വരൻ നായരുടെ മകൻ സജി അദ്ദേഹത്തിന്റെ മകന്റെ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടു ഞായറാഴ്ച കോയമ്പത്തൂരിലേക്കു പോയിരുന്നു. ഈ സമയത്തായിരുന്നു മോഷണം.

English Summary: Robbery in Kottayam; One arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS