തൃശൂർ ∙ കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡ് നീണ്ടത് 25 മണിക്കൂറിലധികം സമയം. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ്, ഇന്നു രാവിലെ എട്ടരയോടെയാണ് പൂർത്തിയായത്. അയ്യന്തോൾ, തൃശൂർ സർവീസ് സഹകരണ ബാങ്കുകളടക്കം എട്ടിടത്താണ് ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടത്തിയത്. കേരള ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കും കുരിയച്ചിറയിലെ ജ്വല്ലറിയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പരിശോധന സിആർപിഎഫ് കാവലിൽ രാത്രി വൈകിയും തുടർന്നു.
സമാഹരിച്ച തെളിവുകൾ ആവർത്തിച്ചുറപ്പിക്കാനാണു പരിശോധനയെന്നു സൂചനയുണ്ട്. കരുവന്നൂർ കള്ളപ്പണക്കേസിലെ ബെനാമി ഇടപാടുകളിൽ ആരോപണം നേരിടുന്ന മുൻമന്ത്രി എ.സി.മൊയ്തീനെ ഇന്നു ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ ഇ.ഡി ചോദ്യം ചെയ്യും. ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ.സുനിൽകുമാർ ഹാജരായി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സതീഷ് കുമാറിന്റെ അക്കൗണ്ടുകളിലൂടെ പലർ ചേർന്ന് 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടത്തിയതായി ഇ.ഡിക്ക് സൂചനയുണ്ട്. സതീഷ് ബെനാമി മാത്രമാണെന്നും പല വഴികളിലൂടെ ഇയാളുടെ അക്കൗണ്ടുകളിലേക്കു പണം കുമിഞ്ഞുകൂടിയെന്നുമാണു വ്യക്തമായത്.
വിദേശ അക്കൗണ്ടുകളിൽനിന്നു വെളുപ്പിക്കാനെത്തിയ കള്ളപ്പണത്തിനു പുറമേ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കൈക്കൂലിപ്പണവും വൻകിട അനധികൃത ഇടപാടുകളിലൂടെ ചിലർ സ്വന്തമാക്കിയ പണവും സതീഷിന്റെ കൈവശമെത്തി. ഇതു സതീഷ് കാഷ് ഡിപ്പോസിറ്റായി പല ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. സഹകരണ ബാങ്കിലൂടെ വെളുപ്പിച്ചെടുത്ത് മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്കു മാറ്റിനൽകി. കൊടുങ്ങല്ലൂർ മേഖലയിലെ ഒരു സഹകരണ ബാങ്കിൽ സതീഷിന്റെ ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചതായി സൂചനയുണ്ട്.
English Summary: 25-Hour ED Raid Unveils Black Money Scam at Ayanthol Cooperative Bank