യുഎസില്‍ സ്ത്രീയുമായി രഹസ്യബന്ധം, ഒരു കുട്ടി; ചൈനീസ് വിദേശകാര്യ മന്ത്രിയെ കാണാതായതിനു പിന്നിൽ?

qin-gang
ചിൻ ഗാങ് (twitter.com/AmbQinGang)
SHARE

ബെയ്ജിങ്∙ ചൈന മുന്‍ വിദേശകാര്യ മന്ത്രി ചിന്‍ ഗാങ്ങിനെ പുറത്താക്കിയത് അമേരിക്കയില്‍ ഒരു സ്ത്രീയുമായി രഹസ്യബന്ധമുള്ളതിനാലാണെന്നു റിപ്പോര്‍ട്ട്. ചിന്‍ യുഎസ് അംബാസഡര്‍ ആയിരുന്നപ്പോള്‍ അവിടെ ഒരു സ്ത്രീയുമായി ബന്ധത്തിലായെന്നും അതില്‍ ഒരു കുട്ടിയുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണു മന്ത്രിസ്ഥാനത്തുനിന്നു നീക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 

കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ചിന്‍ ഗാങ്ങിന് 'ജീവിതശൈലി പ്രശ്‌നങ്ങള്‍' ഉള്ളതായി കണ്ടെത്തിയെന്നു ചൈനീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് യുവതിയുമായുള്ള ചിന്നിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിച്ചിട്ടുണ്ടോ എന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതേക്കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

മന്ത്രിസ്ഥാനം ഏറ്റെടുത്ത് ഏഴാം മാസത്തിലാണ് ചിന്‍ ഗാങ്ങിനെ ചൈനീസ് ഭരണകൂടം പുറത്താക്കിയത്. കാരണമൊന്നും പറയാതെ മുന്‍ വിദേശകാര്യമന്ത്രി വാങ് യിയെ തല്‍സ്ഥാനത്തു പ്രതിഷ്ഠിക്കുകയായിരുന്നു. എന്നാല്‍ ഒരു മാസമായി 'കാണാനില്ലാത്ത' ചിന്‍ എവിടെയാണെന്ന ചോദ്യത്തിന് ഉത്തരമില്ല. 'ചിന്‍ ഗാങ്ങിനെ നീക്കുകയും വാങ് യിയെ വിദേശകാര്യമന്ത്രിയായി നിയമിക്കുകയും ചെയ്തു' എന്നു മാത്രമാണു ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്ഥിരം സമിതിയുടേതാണു തീരുമാനം. 

പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ചിന്‍ ഗാങ് പുറത്താക്കപ്പെട്ടതോടെ ഭരണനേതൃത്വത്തിലെ കിടമത്സരമാണു മറനീക്കിയതെന്ന വിലയിരുത്തലുമുണ്ട്. കാര്യങ്ങള്‍ തുറന്നടിച്ചുപറയുന്ന ശീലവും വിനയായെന്നു പറയുന്നു. യുഎസില്‍ അംബാസഡര്‍ ആയിരുന്ന ചിന്‍ കഴിഞ്ഞ ഡിസംബറിലാണ് വിദേശകാര്യമന്ത്രിയായത്. ചുമതലയേറ്റശേഷം ആദ്യം പോയതു ഈ വർഷം മാർച്ചിൽ ഡല്‍ഹിയില്‍ നടന്ന ജി20 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു. ജൂണ്‍ 25ന് ആണ് അവസാനം പുറത്തുകണ്ടത്. നയതന്ത്ര പ്രതിനിധികളുടെ യോഗത്തില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം 'ആരോഗ്യപരമായ കാരണങ്ങളാല്‍' എന്ന് ഔദ്യോഗിക വിശദീകരണമുണ്ടായി. പിന്നാലെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് അദ്ദേഹത്തിന്റെ വിവരങ്ങളും അപ്രത്യക്ഷമായി.

തയ്​വാന്‍ പ്രശ്‌നത്തില്‍ ഉരസിനില്‍ക്കുന്ന യുഎസും ചൈനയും തമ്മിലുള്ള ബന്ധം ചിന്‍ വന്നതോടെ മെച്ചപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം ബെയ്ജിങ്ങിലെത്തി ചര്‍ച്ച നടത്തുകയും ചെയ്തു. ചൈനയില്‍ ഇത്തരം അപ്രത്യക്ഷമാകല്‍ പുതുമയല്ല. പാര്‍ട്ടിക്ക് അനഭിമതരാവുന്നവരും അഴിമതിക്കേസുകളില്‍ പെടുന്നവരും ഈ വേളയില്‍ ചോദ്യം ചെയ്യലിനു വിധേയരാകുന്നു എന്നാണ് വിവരം. പ്രതിരോധ മന്ത്രി ലി ഷങ്ഫുവിന്റെ കാണാതാകലും ചിന്നിന്റെ പുറത്താക്കലും കൂട്ടിവായിക്കപ്പെടുന്നുണ്ട്. സൈന്യത്തിലെ അഴിമതിക്കെതിരെ സർക്കാർ കർശന നടപടി ആരംഭിച്ചതിനു പിന്നാലെയാണ് പ്രതിരോധമന്ത്രിയെ കാണാതായത്. നടപടികളുടെ ഭാഗമായി പ്രതിരോധമന്ത്രിയെ തടവിലാക്കിയതാണെന്നും അഭ്യൂഹമുണ്ട്.

English Summary: China ousted its foreign minister Qin Gang over affair in US- Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS