കൊച്ചി ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പി.സതീഷ് കുമാറിന്റെ 25 ബെനാമി ഇടപാടുകളുടെ രേഖകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പണവും സ്വർണവും രേഖകളും കണ്ടെടുത്തെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനത്ത് ഉടനീളം ഒൻപത് ഇടങ്ങളിലാണ് പരിശോധന നടന്നത്. സുനിൽ കുമാറിന്റെ വീട്ടിൽനിന്ന് 800 ഗ്രാം സ്വർണവും 5.5 ലക്ഷം രൂപയും ഒളിവിലുള്ള അനിൽകുമാറിന്റെ വീട്ടിൽനിന്ന് 15 കോടി രൂപ വിലമതിക്കുന്ന അഞ്ചു രേഖകളും കണ്ടെത്തി. വ്യവസായി ദീപക് സത്യപാലിന്റെ വീട്ടിൽ നിന്ന് 5 കോടിയിലധികം വിലമതിക്കുന്ന 19 രേഖകളും കണ്ടെടുത്തു.
കരുവന്നൂർ ബാങ്കിലെ 1.5 കോടി രൂപയുടെ വായ്പത്തട്ടിപ്പിൽ 2 സിപിഎം നേതാക്കൾ ഇടനിലക്കാരായി കരാർ ഉണ്ടാക്കിയതായും ഇവർ പി.സതീഷ് കുമാറിനൊപ്പം കരുവന്നൂർ ബാങ്കിലും മറ്റു ബാങ്കുകളിലുമെത്തിയിരുന്നതായും ഇഡിക്കു തെളിവു ലഭിച്ചു. ചില സംസ്ഥാന നേതാക്കൾക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നെന്നാണ് സൂചന.
സതീഷിന്റെ അക്കൗണ്ടുകളിലൂടെ പലർ ചേർന്ന് 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടത്തിയതായി ഇഡിക്ക് സൂചനയുണ്ട്. സതീഷ് ബെനാമി മാത്രമാണെന്നും പല വഴികളിലൂടെ ഇയാളുടെ അക്കൗണ്ടുകളിലേക്കു പണം കുമിഞ്ഞുകൂടിയെന്നുമാണു വ്യക്തമായത്. വിദേശ അക്കൗണ്ടുകളിൽനിന്നു വെളുപ്പിക്കാനെത്തിയ കള്ളപ്പണത്തിനു പുറമേ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കൈക്കൂലിപ്പണവും വൻകിട അനധികൃത ഇടപാടുകളിലൂടെ ചിലർ സ്വന്തമാക്കിയ പണവും സതീഷിന്റെ കൈവശമെത്തി. ഇതു സതീഷ് കാഷ് ഡിപ്പോസിറ്റായി പല ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. സഹകരണ ബാങ്കിലൂടെ വെളുപ്പിച്ചെടുത്ത് മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്കു മാറ്റിനൽകി. കൊടുങ്ങല്ലൂർ മേഖലയിലെ ഒരു സഹകരണ ബാങ്കിൽ സതീഷിന്റെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചതായി സൂചനയുണ്ട്.
English Summary: Enforcement Directorate raid regarding Karuvannur bank fraud