ഇന്ത്യ – കാനഡ നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ: വിദ്യാർഥി വിഷയത്തിൽ നിലപാട് കടുപ്പിച്ചേക്കില്ല

Justin Trudeau, Narendra Modi (Sean Kilpatrick/The Canadian Press via AP, File)
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. (Sean Kilpatrick/The Canadian Press via AP, File)
SHARE

ന്യൂഡല്‍ഹി∙ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ ആശങ്കയിലും ഭീതിയിലും ആയിരിക്കുന്നത് കാനഡയില്‍ ഉന്നതവിദ്യാഭ്യാസവും തൊഴില്‍ സാധ്യതയും തേടി കുടിയേറാന്‍ കാത്തിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. കാനഡയില്‍ പിആറിന് അപേക്ഷിച്ചു കാത്തിരിക്കുന്നവരും കടുത്ത ആശങ്കയിലാണെന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ വ്യക്തമാക്കുന്നു. 

ഖലിസ്ഥാന്‍ ഭീകരനും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ്‌സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന ‘വിശ്വസനീയമായ ആരോപണം’ കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുവരുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചതിനു പിന്നാലെ കാനഡും ഇന്ത്യയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളായത്. 

പഞ്ചാബില്‍നിന്ന് ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണു കാനഡയില്‍ പഠിക്കുന്നത്. രാജ്യാന്തര വിദ്യാര്‍ഥികളെ ഏറെ ആശ്രയിക്കുന്ന കാനഡയിലെ സര്‍വകലാശാലകളില്‍ 40 ശതമാനത്തോളം കുട്ടികള്‍ എത്തുന്നത് ഇന്ത്യയില്‍നിന്നാണ്. കാനഡയില്‍ പഠിക്കാനും സ്ഥിരതാമസമാക്കാനും സ്വപ്‌നം കാണുന്ന നിരവധി വിദ്യാര്‍ഥികള്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം നിജപ്പെടുത്താന്‍ കാനഡ നീക്കം നടത്തുമെന്നാണ് ഇവരുടെ പേടി. പിആറിന് അപേക്ഷിച്ച് കാത്തിരിക്കുന്ന പല ഇന്ത്യന്‍ കുടുംബങ്ങളും ആശങ്കയിലാണ്. 

ഐഇഎല്‍ടിഎസ് പരീക്ഷ കഴിഞ്ഞ മാസം പാസായി വീസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണെന്നും കനേഡിയന്‍ എംബസി വിദ്യാര്‍ഥി വീസ നിഷേധിക്കുമോ എന്ന ഭയത്തിലാണെന്നും ജലന്തറില്‍നിന്നുള്ള വിക്രംജീത് സിങ് അറോറ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. എന്നാല്‍ ഇരുരാജ്യങ്ങളും വിദ്യാര്‍ഥികളുടെ വിഷയത്തില്‍ നിലപാട് കടുപ്പിക്കാന്‍ സാധ്യതയില്ലെന്നും ചില ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. സംഘര്‍ഷം താല്‍ക്കാലികം മാത്രമാണെന്നും കാനഡയുടെ വാര്‍ഷിക ബജറ്റിന്റെ 30 ശതമാനവും വിദേശവിദ്യാര്‍ഥികളുടെ സംഭാവനയാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവഴിയുള്ള വരുമാനം വേണ്ടെന്നു വയ്ക്കാന്‍ കാനഡയ്ക്കു കഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്കു ബന്ധമുണ്ടെന്നാരോപിച്ചാണ് റോ ഉന്നത ഉദ്യോഗസ്ഥന്‍ പവന്‍കുമാര്‍ റായിയെ തിങ്കളാഴ്ച വൈകി കാനഡ പുറത്താക്കിയത്. എന്നാല്‍ കാനഡയുടെ വാദങ്ങള്‍ തള്ളിയ ഇന്ത്യ, കാനഡ ഹൈക്കമ്മിഷണര്‍ കാമറോണ്‍ മക്കയോവെയെ വിദേശകാര്യമന്ത്രാലയ ഓഫിസില്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് കാനഡയുടെ ഇന്റലിജന്‍സ് സര്‍വീസ് തലവന്‍ ഒലിവര്‍ സില്‍വസ്റ്ററിനെ ഇന്ത്യ പുറത്താക്കി. 5 ദിവസത്തിനകം രാജ്യം വിടാനാണു നിര്‍ദേശം. 

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) കാനഡയിലെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ ജൂണ്‍ 18-നാണ് യുഎസ് കാനഡ അതിര്‍ത്തിയിലെ സറെ നഗരത്തില്‍ അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്. നിജ്ജാറിന് ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. നിര്‍ത്തിയിട്ടിരുന്ന കാറില്‍ തലയ്ക്കു വെടിയേറ്റ നിലയിലാണു നിജ്ജാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യയില്‍ ആക്രമണത്തിനായി നിജ്ജാര്‍ കാനഡയില്‍ പദ്ധതിയിടുന്നുണ്ടെന്ന് 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ കാനഡയ്ക്കു ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. 2021ല്‍ ജലന്തറില്‍ സന്യാസിയെ വധിച്ച കേസിലാണ് എന്‍ഐഎ നിജ്ജാറിന്റെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടത്. 

ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന്മേല്‍ യുഎസും ഓസ്‌ട്രേലിയയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും യുഎസ് പ്രതികരിച്ചു. തങ്ങളുടെ ആശങ്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രിയുടെ വക്താവ് പ്രതികരിച്ചു. ട്രൂഡോയുടേത് ഗുരുതര ആരോപണമാണെന്നു ബ്രിട്ടന്‍ വ്യക്തമാക്കി.

English Summary: India-Canada Rift: Anxiety grips Indian students who wish to settle in Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS