നിജ്ജാറിന്റെ മരണത്തിൽ ഞങ്ങൾക്ക് പങ്കില്ല, കാനഡ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നു: തിരിച്ചടിച്ച് ഇന്ത്യ

trudeau-modi
കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (എഎഫ്‌പി ചിത്രം), നരേന്ദ്ര മോദി (മനോരമ ചിത്രം)
SHARE

ന്യൂഡൽഹി∙ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം നിഷേധിച്ച് ഇന്ത്യ. കാനഡ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയും കാനഡ വിദേശകാര്യ മന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടെന്നും, അതു പൂർണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കാനഡയിൽ നടന്ന ഏതെങ്കിലും അക്രമങ്ങളിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. സമാനമായ ആരോപണം കാനഡ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്കു മുന്നിലും ഉന്നയിച്ചിരുന്നു. അതെല്ലാം അപ്പോൾത്തന്നെ തള്ളിക്കളഞ്ഞതാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നതിനു വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചതായി ട്രൂഡോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ കാനഡയിലെ തലവനെ അവർ പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്, ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങൾ തള്ളി മന്ത്രാലയം പ്രസ്താവനയിറക്കിയത്. മാത്രമല്ല, ഖലിസ്ഥാൻ ഭീകരവാദികൾക്ക് കാനഡ അഭയം നൽകുന്നുവെന്ന ആരോപണവും ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്.

‘‘കാനഡ പ്രധാനമന്ത്രിയുടെ പാർലമെന്റിലെ പ്രസ്താവനയും അവരുടെ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയും കണ്ടിരുന്നു. അത് പൂർണമായും തള്ളിക്കളയുന്നു. കാനഡയിലെ ഏതെങ്കിലും അക്രമ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സർക്കാരിന്റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ അസംബന്ധവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. സമാനമായ ആരോപണങ്ങൾ കാനഡ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്കു മുന്നിലും ഉന്നയിച്ചെങ്കിലും അതെല്ലാം പൂർണമായും തള്ളിക്കളഞ്ഞതാണ്. 

നിയമവാഴ്ചയോടു പ്രതിബദ്ധത പുലർത്തുന്ന ജനാധിപത്യ വ്യവസ്ഥയാണ് നമ്മുടേത്. കാനഡയിൽ അഭയം നൽകി ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണിയായി തുടരുന്ന ഖലിസ്ഥാൻ ഭീകരരിൽനിന്നും തീവ്രവാദികളിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ വിഷയത്തിൽ കാനഡ സർക്കാർ ദീർഘകാലമായി പുലർത്തുന്ന നിഷ്‌ക്രിയത്വം അടിയന്തര ശ്രദ്ധ അർഹിക്കുന്നുണ്ട്. കാനഡയിലെ രാഷ്ട്രീയ നേതാക്കൾ ഇതിനോടെല്ലാം പരസ്യമായി സഹതാപം പ്രകടിപ്പിക്കുന്നതും ആശങ്കാജനകമാണ്. 

കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു കാനഡയിൽ ഇടം ലഭിക്കുന്നത് പുത്തരിയല്ല. അത്തരം സംഭവവികാസങ്ങളുമായി ഇന്ത്യൻ ഭരണകൂടത്തെ ബന്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയുന്നു. കാനഡയുടെ മണ്ണിൽ പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്കെതിരെയും ഏറ്റവും വേഗത്തിൽ ഫലപ്രദമായ നിയമനടപടി സ്വീകരിക്കാൻ ഞങ്ങൾ കാനഡ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു’’ – വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇക്കഴിഞ്ഞ ജൂൺ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

കാനഡയിലെ ഇന്ത്യൻ വംശജനായ വ്യവസായി റിപുദാമൻ മാലിക്കിനെ 2022 ജൂലൈ 14ന് വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് ഹർദീപ് സിങ് നിജ്ജാർ. ഇതടക്കം 10 എഫ്ഐആറുകൾ ആണ് ഹർദീപിനെതിരെയുള്ളത്.കാനഡയിൽ പ്ലമർ ആയാണു ഹർദീപിന്റെ തുടക്കം. 2013ൽ പാക്ക് കെടിഫ് തലവൻ ജഗ്താർ സിങ് താരയെ സന്ദർശിച്ചു. 2015ൽ പാക്ക് ചാരസംഘടന ഐഎസ്ഐ ഹർദീപിന് ആയുധപരിശീലനം നൽകിയെന്നു ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. പഞ്ചാബ് ജലന്ധറിലെ ഭരസിങ്പുർ സ്വദേശിയാണ് നിജ്ജാർ.

English Summary: India rejects allegations by Canada related to the murder of Hardeep Singh Nijjar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗോപാംഗനേ...

MORE VIDEOS