രണ്ടാം വന്ദേഭാരത് 24ന്; സർവീസ് ആലപ്പുഴ വഴി
Mail This Article
തിരുവനന്തപുരം ∙ കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ സെപ്റ്റംബര്‍ 24ന് കാസർകോട്ട് ഉദ്ഘാടനം ചെയ്യും. കാസർകോട് - തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയാകും സർവീസ്. തിരുവനന്തപുരം – കാസർകോട് റൂട്ടിൽ തിങ്കളാഴ്ചയും കാസർകോട് – തിരുവനന്തപുരം റൂട്ടിൽ ചൊവ്വാഴ്ചയും ട്രെയിൻ സർവീസ് ഉണ്ടാകില്ല.
ട്രെയിനിന്റെ സമയക്രമമായി. രാവിലെ 7ന് കാസർകോട്ടുനിന്നു പുറപ്പെടുന്ന ട്രെയിൻ, വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. രാത്രി 11.55ന് കാസർകോട് എത്തും. യാത്രാ സർവീസ് 26ന് തുടങ്ങും. ഉദ്ഘാടനദിവസം ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയ്ക്ക് അവസരമുണ്ടാകില്ല. ആദ്യ വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ദിനത്തിലെ സർവീസിനു സമാനമായ തരത്തിൽ ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെടെയുള്ളവരുടെ യാത്ര ആയിരിക്കും.
24നു മൻകി ബാത്ത് പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് വിവിധ റൂട്ടുകളിലായി 9 വന്ദേ ഭാരത് സർവീസുകൾ വിഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനൊപ്പമാണ് കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യുക.
English Summary: Kerala's second Vande Bharat Express will start on September 24