തൃശൂർ∙ സമൂഹത്തിൽ മാറ്റമുണ്ടാകണമെന്നു കരുതിയാണ് ക്ഷേത്രത്തിലെ ചടങ്ങിൽ ജാതിവിവേചനം നേരിട്ടെന്ന കാര്യം തുറന്നുപറഞ്ഞതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. വിവാദമാക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നില്ല ഇതു പറഞ്ഞത്. മാറ്റമാണു വേണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചെയ്തതു ശരിയായില്ലെന്നു വിവേചനം കാട്ടിയവർ അംഗീകരിച്ചാൽ നന്നായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അയിത്തമുള്ള മനുഷ്യന്റെ പണത്തിന് അയിത്തമില്ല. ജാതിവ്യവസ്ഥ മനസില്‍ പിടിച്ച കറയാണ്. അതു പൂർണമായും മാറാൻ സമയമെടുക്കും. തനിക്ക് പരിഗണന കിട്ടിയില്ല എന്നതല്ല പ്രശ്നമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയായിട്ടു പോലും ജാതിയുടെ പേരിൽ മാറ്റിനിർത്തപ്പെട്ടതായി രാധാകൃഷ്ണൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനത്തിലാണു ദേവസ്വം മന്ത്രിയായ താൻ നേരിട്ട ജാതീയ വിവേചനം രാധാകൃഷ്ണൻ വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ ഒരു ക്ഷേത്രത്തിലെ ചടങ്ങിൽ നിലവിളക്ക് കൊളുത്തുന്ന സമയത്തായിരുന്നു സംഭവമെന്നും അതേ വേദിയിൽ തന്നെ തന്റെ പ്രതിഷേധം പരസ്യമായി അറിയിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, ക്ഷേത്രം ഏതാണെന്നോ എന്നു നടന്ന സംഭവമാണെന്നോ മന്ത്രി വെളിപ്പെടുത്തിയിരുന്നില്ല.
‘‘ജാതിവ്യവസ്ഥയുടെ ദുരന്തങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറേയേറെ മാറ്റം വന്ന സംസ്ഥാനമാണ് കേരളം. ഉത്തരേന്ത്യയിലോ മറ്റു സംസ്ഥാനങ്ങളിലോ നടക്കുന്നതുപോലെയുള്ള സംഭവങ്ങൾ ഇവിടെ നടക്കാൻ നമ്മുടെ പൊതുസമൂഹം സമ്മതിക്കില്ല. ജാതിചിന്തകൾക്കെതിരെ പോരാടിയാണ് നമ്മുടെ പൊതുസമൂഹം ഇവിടെ വരെയെത്തിയത്. ജാതിക്കും മതത്തിനും അതീതമായി മനുഷ്യന്റെ അവകാശങ്ങൾക്കായി, സാമൂഹിക നീതിക്കായി വലിയ പ്രക്ഷോഭങ്ങൾ നടന്ന മണ്ണാണ് കേരളത്തിലേത്.
ജാതിവ്യവസ്ഥ എന്നു പറയുന്ന വ്യവസ്ഥ ഉണ്ടാക്കിയ മാനസികാവസ്ഥ ഒറ്റ ദിവസം കൊണ്ട് മാറ്റാവുന്നതല്ല. അത് ഞാൻ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്. അത് മനസ്സിൽ പറ്റിപ്പിടിച്ച കറയാണ്. വസ്ത്രത്തിൽ പറ്റിപ്പിടിച്ച കറ മാറ്റുന്നതുപോലെ മനസ്സിലെ ആ കറ മാറ്റാനാകില്ല. ജാതിചിന്തയും മതചിന്തയും വന്നാൽ മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങൾ പോലും ചർച്ച ചെയ്യാതെയാകും. കേരളത്തിൽ ഇതൊക്കെ മാറ്റാൻ നമുക്കു സാധിച്ചിട്ടുണ്ട്. പക്ഷേ, എല്ലാവരുടെയും മനസ്സിൽനിന്ന് ജാതിചിന്ത മാഞ്ഞുപോയിട്ടില്ല. ഒറ്റപ്പെട്ട ചില മനസ്സിൽ ഇപ്പോഴും അത്തരം ചിന്തകളുണ്ട്. അതു പുറത്തെടുക്കാൻ നമ്മുടെ പൊതുസമൂഹം അനുവദിക്കുന്നില്ല എന്നാണ് ഞാൻ പറഞ്ഞത്.
ക്ഷേത്രത്തിൽ നടന്ന സംഭവം വലിയ വിവാദമാക്കാനൊന്നും ഞാൻ നിന്നില്ല. അതു വിവാദമാക്കേണ്ട കാര്യമില്ല. കാരണം, കേരളത്തിന്റെ പൊതുസമൂഹം ഇതൊന്നും അംഗീകരിക്കില്ലെന്ന് എനിക്കു നന്നായി അറിയാം. മുൻപ് ഗുരുവായൂരിൽ പാവപ്പെട്ട കുട്ടികളെ കൃഷ്ണനാട്ടം അഭ്യസിക്കാന്‍ അനുവദിച്ചിരുന്നില്ല. ഞാൻ സ്പീക്കറായിരുന്ന സമയത്ത് അവിടുത്തെ ഓഡിറ്റോറിയത്തിൽവച്ച് ഒരു പരിപാടി സംഘടിപ്പിച്ചപ്പോൾ ഇതിനെതിരെ പ്രതികരിച്ചു. കൃഷ്ണനാട്ടം എന്ന കല എല്ലാവർക്കും അഭ്യസിക്കാൻ അവസരം വേണമെന്ന് ഞാൻ പറഞ്ഞു. ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായി. ഈ രീതിയിൽ നമുക്ക് പതുക്കെപ്പതുക്കെ ഇടപെട്ട് മാറ്റാൻ കഴിയുന്നതെല്ലാം മാറ്റും.
നമ്മൾ അയിത്തം കൽപ്പിക്കുന്നത് മനുഷ്യനാണ്. പക്ഷേ, ആ മനുഷ്യന്റെ പൈസയ്ക്ക് അയിത്തമില്ല എന്നുള്ള കാര്യമാണ് ഞാൻ പറഞ്ഞത്. ഈ പൈസ വരുന്നത് ഏതെല്ലാം കൈകളിലൂടെയാണ്. മദ്യം വിൽക്കുന്നവരുടെയും മീൻ കച്ചവടം ചെയ്യുന്നവരുടെയും ഇറച്ചിവെട്ടുകാരുടെയും കൈകളിലൂടെ മാറിമറിഞ്ഞെത്തുന്ന പണമാണ് ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും എത്തുന്നത്. അതിനൊന്നും അയിത്തമില്ല. പക്ഷേ, മനുഷ്യന് അയിത്തം കൽപ്പിക്കുന്ന രീതി അംഗീകരിക്കാനാകില്ല. നമ്മൾ ചന്ദ്രനിലേക്ക് ചന്ദ്രയാനെയൊക്കെ അയച്ചെങ്കിലും നമ്മുടെ മനസ് വളരെ പിന്നിലാണ്. ആ മനസ്സിൽ മാറ്റം വരുത്താൻ നമ്മുടെ പൊതുസമൂഹം ഒന്നിച്ചു നിൽക്കണം. ഏതെങ്കിലും ഒരു വിഭാഗം മാത്രം ശ്രമിച്ചതുകൊണ്ട് കാര്യമില്ല’’ – മന്ത്രി പറഞ്ഞു.
English Summary: Minister K.Radhakrishnan Exposes Caste Discrimination: Urges Society to Embrace Change