ന്യൂഡൽഹി∙ വനിതാസംവരണ ബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ കോൺഗ്രസ് സ്വാഗതം ചെയ്തതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ പഴയ കത്ത് ചർച്ചയാകുന്നു. ബിൽ പാസാക്കാൻ ‘നിരുപാധിക പിന്തുണ’ നൽകുമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള കത്തിൽ രാഹുൽ പറയുന്നത്.
ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതിനുള്ള ബിൽ കൊണ്ടുവരണമെന്നു കഴിഞ്ഞ ദിവസം സർവകക്ഷി യോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെ ഒട്ടുമിക്ക പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്, 2010 മാർച്ച് 9നു വനിതാസംവരണ ബിൽ രാജ്യസഭ പാസാക്കിയതാണ്. എന്നാൽ, സമാജ്‌വാദി പാർട്ടിയുടെയും ആർജെഡിയുടെയും എതിർപ്പുണ്ടായതിനാൽ ബിൽ ലോക്സഭയിലെത്തിയില്ല.
‘‘നമ്മുടെ പ്രധാനമന്ത്രി പറയുന്നത് അദ്ദേഹം വനിതാശാക്തീകരണത്തിന്റെ മുന്നണിപ്പോരാളിയാണ് എന്നല്ലേ? അദ്ദേഹത്തിനു കക്ഷിരാഷ്ട്രീയത്തിൽ നിന്നുയർന്ന് പാർലമെന്റിൽ വനിതാസംവരണ ബിൽ പാസാക്കാനുള്ള സമയമാണിത്. പ്രധാനമന്ത്രിക്കു കോൺഗ്രസ് നിരുപാധിക പിന്തുണ നൽകും’’– രണ്ടു പേജ് കത്ത് പങ്കുവച്ച് 2018 ജൂലൈ 16ന് രാഹുൽ സമൂഹമാധ്യമമായ എക്സിൽ (ട്വിറ്റർ) കുറിച്ചു. ഈ പോസ്റ്റ് കോൺഗ്രസ് നേതാവ് ജയറാം രമേശ് ഉൾപ്പെടെയുള്ളവർ റീപോസ്റ്റ് ചെയ്തതോടെയാണു വീണ്ടും ചർച്ചയായത്.
വനിതാസംവരണത്തിൽത്തന്നെ പട്ടിക വിഭാഗങ്ങൾക്കായി മൂന്നിലൊന്നു സീറ്റ് നീക്കിവയ്ക്കുന്നതിനു വ്യവസ്ഥയുള്ളതായിരുന്നു 2010ൽ രാജ്യസഭ പാസാക്കിയ ബിൽ. പുതിയ ബില്ലിൽ ഈ വ്യവസ്ഥയുണ്ടോയെന്നു വ്യക്തമല്ല. ഇത്തരത്തിൽ സംവരണം വേണമെന്നാണു ബിഎസ്പിയും മറ്റും ആവശ്യപ്പെടുന്നത്. ദേവെഗൗഡ സർക്കാരിന്റെ കാലത്ത്, 1996 സെപ്റ്റംബർ 12നാണു വനിതാസംവരണ ബിൽ ആദ്യം ലോക്സഭ പരിഗണിച്ചത്. പിന്നീടു വാജ്പേയി സർക്കാരിന്റെ കാലത്തും ബിൽ കൊണ്ടുവന്നെങ്കിലും അഭിപ്രായ ഐക്യം സാധ്യമായില്ല.
English Summary: On women's reservation bill, Rahul Gandhi once gave ‘unconditional support’ to PM Modi