പാലക്കാട്∙ കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ദക്ഷിണ റെയിൽവേയുടെ ചെന്നൈ ബേസിൻ ബ്രിജ് യാർഡിൽ പ്രധാനമന്ത്രിയുടെ ഒാഫിസിൽ നിന്നുള്ള പച്ചക്കൊടി കാത്തുകിടക്കുന്നു. റൂട്ട് സംബന്ധിച്ച തീരുമാനം അവിടെനിന്ന് ഉണ്ടാകുമെന്നാണു വിവരം.
പല അഭ്യൂഹങ്ങളുണ്ടെങ്കിലും വന്ദേഭാരതിന്റെ സമയവും റൂട്ടും സംബന്ധിച്ചു ദക്ഷിണ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർക്കു പോലും ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. പാലക്കാട് ഡിവിഷനു കീഴിൽ ഓടും എന്നതു മാത്രമാണു സ്ഥിരീകരിച്ച വിവരം.
റെയിൽവേ ബോർഡ് നിർദേശിച്ചതനുസരിച്ചു മംഗളൂരുവിലെ സൗകര്യങ്ങളെക്കുറിച്ചു പാലക്കാട് ഡിവിഷൻ കഴിഞ്ഞ മാസം റിപ്പോർട്ട് നൽകിയിരുന്നു. ഏതു സമയവും തീരുമാനം പ്രതീക്ഷിക്കാം എന്നു മാത്രമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. കേരളത്തിന് ആദ്യ വന്ദേഭാരത് അനുവദിച്ചതും ഇതേ രീതിയിലായിരുന്നു.
നിലവിൽ കാസർകോട് – തിരുവനന്തപുരം റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് ഓടുന്നതിനാൽ രണ്ടാമത്തേതു മംഗളൂരു മുതൽ എറണാകുളം വരെയാകുമെന്ന അഭ്യൂഹമാണു ശക്തം. എന്നാൽ, കർണാടകയിലെ താൽപര്യം കൂടി തീരുമാനത്തിൽ പ്രതിഫലിക്കാനാണു സാധ്യത. സ്റ്റോപ്പുകൾ കുറച്ച് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് ഓടിക്കാമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.
English Summary: Palakkad Division Awaits Decision on Next Vandebharat Express Route