പയ്യന്നൂർ∙ ക്ഷേത്രത്തിലെ ചടങ്ങിനിടെ മന്ത്രിയായിട്ടു പോലും ജാതിയുടെ പേരിൽ മാറ്റിനിർത്തപ്പെട്ടെന്ന കെ.രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രം തന്ത്രി പത്മനാഭന്‍ ഉണ്ണി രംഗത്ത്. വിളക്ക് കൈമാറരുത് എന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. അന്നത്തെ സംഭവത്തിൽ മേൽശാന്തിയുടെ പരിചയക്കുറവ് കാരണമായിട്ടുണ്ടാകമെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
‘‘എന്തായാലും രണ്ടു കൂട്ടർക്കും വിഷമമായിട്ടുള്ള സംഭവമാണ് അത്. ഇതിൽ നമ്മൾ ഒരാളെ പഴി പറയാൻ പാടില്ലല്ലോ. അമ്പലം അമ്പലത്തിന്റെ ചിട്ടയിൽ പോയി. മന്ത്രിയുടേതായ സ്ഥാനമാനങ്ങൾ അദ്ദേഹത്തിനും ഉണ്ടല്ലോ. എന്താണ് അവിടെ സംഭവിച്ചത് എന്ന് അറിയില്ല. അദ്ദേഹത്തിന് (മേൽശാന്തിക്ക്) പരിചയക്കുറവ് ഉണ്ടാകാം. ചിലപ്പോൾ അങ്ങനെയും സംഭവിക്കാം’’ – തന്ത്രി വിശദീകരിച്ചു.
ക്ഷേത്രത്തിന്റെ തന്ത്രിയെന്ന നിലയിൽ സംഭവം തന്നെ അറിയിക്കേണ്ടതായിരുന്നെങ്കിലും അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആറു മാസം മുൻപ് നടന്ന സംഭവമാണെങ്കിലും മന്ത്രി ഇതേക്കുറിച്ചു പ്രതികരിച്ച ശേഷമാണ് വിവരങ്ങൾ അറിയുന്നതെന്നും തന്ത്രി വ്യക്തമാക്കി.
മന്ത്രിയായിട്ടു പോലും ജാതിയുടെ പേരിൽ മാറ്റിനിർത്തപ്പെട്ടതായി ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനത്തിലാണ് ദേവസ്വം കെ.രാധാകൃഷ്ണൻ വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ ഒരു ക്ഷേത്രത്തിലെ ചടങ്ങിൽ നിലവിളക്ക് കൊളുത്തുന്ന സമയത്തായിരുന്നു സംഭവമെന്നും അതേ വേദിയിൽ തന്നെ തന്റെ പ്രതിഷേധം പരസ്യമായി അറിയിച്ചെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രം ഏതാണെന്നോ എന്നു നടന്ന സംഭവമാണെന്നോ മന്ത്രി വെളിപ്പെടുത്തിയിരുന്നില്ല.
മന്ത്രി പറഞ്ഞത്: ‘‘ദീപം കൊളുത്താനുള്ള വിളക്കുമായി പ്രധാന പൂജാരി വേദിയിലെത്തിയപ്പോൾ വിളക്ക് എനിക്കു നൽകാനാണെന്നാണു കരുതിയത്. എന്നാൽ അദ്ദേഹം തന്നെ ദീപം തെളിച്ചു. ആചാരത്തിന്റെ ഭാഗമാകും, തൊട്ടുകളിക്കേണ്ട എന്നു കരുതി മാറിനിന്നു. ഇതിനുശേഷം വിളക്ക് സഹപൂജാരിക്കു കൈമാറി. അയാളും ദീപം തെളിച്ചതിനു ശേഷം വിളക്ക് കയ്യിൽ തരാതെ നിലത്തുവച്ചു. ഞാൻ നിലത്തുനിന്ന് എടുത്തു കത്തിക്കട്ടെ എന്നായിരിക്കും ചിന്തിച്ചത്. പോയി പണിനോക്കാനാണു പറഞ്ഞത്’’ – താൻ തരുന്ന പണത്തിന് അയിത്തമില്ലല്ലോ, തനിക്കു മാത്രമാണോ അയിത്തം എന്നു പ്രസംഗത്തിൽ ചോദിച്ചതായും മന്ത്രി പറഞ്ഞു.
English Summary: Payyannur Temple Tantri Reacts to Allegations of Caste Discrimination at Temple Ceremony