പുറമേരി (കോഴിക്കോട്)∙ പുറമേരി പഞ്ചായത്തിലെ വെള്ളൂർ റോഡിന് സമീപം വാർഡ് - 17ൽ അമയ ക്വാർട്ടേഴ്സിലെ സെപ്റ്റിക് ടാങ്കിലെ മലിനജലം ക്വാർട്ടേഴ്സിനോട് ചേർന്നുള്ള കിണറിലേക്ക് ഒഴുക്കുകയും, കിണറിൽ നിന്ന് മലിനജലം പൊതു ഓടയിലേക്ക് ഒഴുകിയതിനും ക്വാർട്ടേഴ്സ് ഉടമ എടച്ചേരി സ്വദേശി ജയരാജന് പുറമേരി പഞ്ചായത്ത് അരലക്ഷം രൂപ പിഴയിട്ടു.
മലിനജലം ഒഴുക്കുന്നു എന്ന നാട്ടുകാരുടെ പരാതി പഞ്ചായത്തിൽ ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ആരോഗ്യ വിഭാഗവും പരിശോധന നടത്തിയിരുന്നു. തുടർന്നാണ് നടപടി. എട്ടു മുറികളിലായി ഏകദേശം 32 പേരാണ് ക്വാർട്ടേഴ്സിൽ താമസിക്കുന്നത്. ഇതിനാവശ്യമായ സംവിധാനമുള്ള സെപ്റ്റിക് ടാങ്ക് കെട്ടിടത്തിന് ഇല്ലെന്നും കണ്ടെത്തി.

മുറികളുടെ കുളിമുറിയും കക്കൂസും ബ്ലോക്ക് ആയി പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യതയും നിലവിലുള്ളതായി ബോധ്യപ്പെട്ടു. താമസക്കാരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ച് ഏഴു ദിവസത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പഞ്ചായത്തിനെ അറിയിക്കാനും നിർദേശം നൽകി.
പരിശോധനയിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ.ജ്യോതി ലക്ഷ്മി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ കെ.എം.വിജിഷ, സെക്രട്ടറി പി.ജി.സിന്ധു, അസി. സെക്രട്ടറി സി.കെ.മീന, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആതിര എന്നിവർ പങ്കെടുത്തു.
English Summary: Quarters owner fined half lakh rupees for flushing Sewage into well