ഭരണഘടന രൂപീകരിച്ചപ്പോൾ ഇങ്ങനെയായിരുന്നു: ‘മതേതരത്വം’ വിട്ടുകളഞ്ഞെന്നതിൽ കേന്ദ്ര മറുപടി

Mail This Article
ന്യൂഡൽഹി ∙ ഭരണഘടനയിൽനിന്ന് ‘മതേതരത്വം’ വിട്ടുകളഞ്ഞുവെന്ന ആരോപണത്തോട് പ്രതികരിച്ച് ബിജെപി. ഭരണഘടന രൂപീകരിച്ചപ്പോൾ ഇങ്ങനെയായിരുന്നുവെന്ന മറുപടിയാണ് കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ ആരോപണത്തോട് ബിജെപി നേതാവും പാർലമെന്ററികാര്യ മന്ത്രിയുമായ പ്രഹ്ലാദ് ജോഷി നൽകിയത്.
‘‘ഭരണഘടന രൂപീകരിച്ചപ്പോൾ ഇതുപോലെയായിരുന്നു. പിന്നീട് 42ാം ഭേദഗതിയോടെയാണു മാറ്റം വന്നത്. യഥാർഥ കോപ്പികൾ ഉണ്ട്’’ – പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.
പുതിയ പാർലമെന്റിലേക്കു മാറുന്നതിന്റെ ഭാഗമായി അംഗങ്ങൾക്കു വിതരണം ചെയ്ത ഭരണഘടനയുടെ പകർപ്പിൽനിന്ന് ‘മതേതരത്വം’ ഒഴിവാക്കിയെന്നായിരുന്നു ആരോപണം. കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം ഉന്നയിച്ചത്. അദ്ദേഹം വാർത്ത ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്കുലർ’ എന്ന ഭാഗമാണ് എടുത്തുമാറ്റിയത്.
English Summary: BJP's Response to Alleged Omission of 'Secularism' from the Constitution