ലഹരിക്കേസിൽ ജയിലിൽ: വിളിച്ചവരിൽ 18 ജയിൽ ഉദ്യോഗസ്ഥർ, ഓഫിസറുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം

Mail This Article
തിരുവനന്തപുരം∙ ലഹരി വിൽപനക്കേസിൽ പിടിയിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയുടെ മുറിയിൽനിന്ന് മൊബൈൽ ഫോണും 2 സിം കാർഡും പിടിച്ചെടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സെൻട്രൽ ജയിലിലെ 18 ഉദ്യോഗസ്ഥർ ഇൗ സിം കാർഡിലേക്കു പതിവായി വിളിച്ചിരുന്നതായി വിവരം. സ്ഥിരമായി വിളിച്ചിരുന്ന ഡപ്യൂട്ടി പ്രിസൺ ഓഫിസറുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ലഹരിവിൽപനസംഘത്തിന്റെ അക്കൗണ്ടിൽനിന്ന് 1.5 ലക്ഷം രൂപയെത്തിയിട്ടുണ്ടെന്നും ജയിൽ ഡിജിപി അടക്കമുള്ളവർക്ക് നൽകിയ റിപ്പോർട്ടിൽ സ്പെഷൽ ബ്രാഞ്ച് ചൂണ്ടിക്കാട്ടി.
സെൻട്രൽ ജയിലിനുള്ളിൽ കഴിയുന്നവരുടെ സംഘത്തിന്റെ നിയന്ത്രണത്തിൽ പുറത്ത് ലഹരിവ്യാപാരവും ഹവാല ഇടപാടുകളും നടക്കുന്നുവെന്ന മറ്റൊരു റിപ്പോർട്ടും പൊലീസിന്റെ കയ്യിലുണ്ട്. എക്സൈസ് ഇന്റലിജൻസിലെ 3 ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ജയിലിനുള്ളിൽ ലഹരിസംഘത്തിന്റെ ഗൂഢാലോചന നടന്ന വിവരം പുറത്തുവന്നതിനെ തുടർന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ എക്സൈസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.
കഴിഞ്ഞമാസം 27നാണ് ഒന്നാം ബ്ലോക്കിൽ ആറാമത്തെ മുറിയിൽനിന്നു ഫോണും 2 സിം കാർഡും ലഭിക്കുന്നത്. ഇത് ജയിൽ സൂപ്രണ്ട് പൂജപ്പുര പൊലീസിനു കൈമാറി. ഇൗ ഫോൺ പൊലീസിന്റെ കയ്യിൽ ഇരിക്കുമ്പോൾത്തന്നെ ഇതിലേക്ക് ജയിൽ ഉദ്യോഗസ്ഥരുടെ വിളിയെത്തി. മൂന്നുമാസം മുൻപ് സെൻട്രൽ ജയിലിൽനിന്നു കുഞ്ചാലുംമൂട് സ്പെഷൽ സബ് ജയിലിലേക്കു സ്ഥലംമാറിപ്പോയ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഫോണിൽനിന്നു വന്ന വിളികൾ നിരീക്ഷിച്ചപ്പോഴാണ് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഹരിസംഘത്തിലൊരാളുടെ അക്കൗണ്ടിൽനിന്നു പണം വന്ന വിവരം ലഭിച്ചത്. ഇത് ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി റിപ്പോർട്ട് നൽകി.
English Summary: Connection Between Central Jail Officers and Drug Dealers