കരുവന്നൂര്‍: ചോദ്യം ചെയ്യലിനിടെ മർദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസിൽ പൊലീസ് പരിശോധന
Mail This Article
കൊച്ചി∙ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ മർദിച്ചെന്ന സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.ആർ.അരവിന്ദാക്ഷന്റെ പരാതിയില്‍, ഇഡി ഓഫിസില്‍ പൊലീസ് പരിശോധന നടത്തുന്നു. കൊച്ചിയിലെ ഇഡി ഓഫിസിൽ എറണാകുളം സെൻട്രൽ പൊലീസാണ് പരിശോധന നടത്തുന്നത്. പ്രാഥമിക പരിശോധനയ്ക്കായാണ് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയതെന്നാണ് വിവരം.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം മടങ്ങിയ അരവിന്ദാക്ഷൻ, ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപിച്ചാണ് ചികിത്സ തേടിയത്. തുടർന്ന് പൊലീസിൽ പരാതിയും നൽകിയിരുന്നു. ചികിത്സ തേടിയതിന്റെ രേഖകളടക്കം പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. എന്നാൽ, ചോദ്യം ചെയ്യൽ കഴിഞ്ഞ് അരവിന്ദാക്ഷൻ ചിരിച്ചു കൊണ്ടാണു മടങ്ങിയതെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ പ്രതികരണം.
English Summary: CPM leader says he was beaten during interrogation; Police inspection at ED office