സിപിഎം ബിജെപിക്കെതിരെ പൊരുതുന്ന ഇന്ത്യയിലെ കരുത്തുറ്റ പ്രസ്ഥാനം: എം.വി.ഗോവിന്ദൻ

Mail This Article
തിരുവനന്തപുരം∙ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണു സിപിഎമ്മിന്റെ ലക്ഷ്യമെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബിജെപിയെ പരാജയപ്പെടുത്താനായി നടത്തുന്ന ഏത് ചെറുതും വലുതുമായ ശ്രമത്തിന്റെ പിന്നിലും സിപിഎം ഉണ്ട്. ബിജെപിക്കെതിരെ പൊരുതുന്ന ഇന്ത്യയിലെ കരുത്തുറ്റ പ്രസ്ഥാനമാണു സിപിഎം എന്ന് ആരെയും ബോധിപ്പിക്കാനുള്ള ഒരു സർട്ടിഫിക്കറ്റും ഞങ്ങൾക്കു വേണ്ട. സുധാകരന്റെയോ ഏതെങ്കിലും പാർട്ടി നേതാക്കന്മാരുടെയോ ഒരു ചീട്ടും വേണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
‘‘രാജ്യത്ത് ഇന്ത്യ എന്ന പേരിൽ അതിശക്തമായ പ്രതിപക്ഷനിര ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യ എന്ന മുന്നണിയുടെ സംഘടനാരൂപമായിട്ട് പ്രവർത്തിക്കുന്ന കോഓർഡിനേഷൻ കമ്മറ്റിയിൽ സിപിഎം പ്രതിനിധിയെ നൽകിയില്ലെന്നും അത് കേരളത്തിലെ പിബി അംഗങ്ങളുടെ പിടിവശികൊണ്ടാണെന്നും ചില മാധ്യമങ്ങൾ പറയുന്നുണ്ട്. ഏതൊക്കെ സംസ്ഥാനങ്ങളിൽ ഏതൊക്കെ പാർട്ടികൾ മത്സരിക്കണമെന്നു പറയാനുള്ള സംഘടനാ സംവിധാനം ഇന്ത്യ മുന്നണിക്കുണ്ടോ?. ബിജെപിയെ താഴെയിറക്കുമെന്ന പ്രതിജ്ഞയോടെ ഇന്ത്യ എന്ന മുന്നണി മുന്നോട്ടു പോകുമ്പോൾ മുന്നിൽ നിന്നു ചുമതല നിർവഹിക്കുന്നതിനു സിപിഎം സന്നദ്ധമണ്. എന്നാൽ ഒരു കമ്മിറ്റി രൂപീകരിച്ച് ആ കമ്മിറ്റിയുടെ കീഴിൽ എല്ലാവരും പ്രവർത്തിച്ചുപോരുമെന്ന സംഘടനാ രീതിയിലക്കു പോകാൻ സിപിഎമ്മില്ല. അതിന്റെ ഭാഗമായിട്ടാണു ഇപ്പോൾ പ്രതിനിധികളെ അയയ്ക്കേണ്ടതില്ലെന്നു പിബി യോഗം തീരുമാനിച്ചത്’’– എം.വി.ഗോവിന്ദൻ വിശദീകരിച്ചു.
English Summary: M V Govindan says CPM is strongest movement in india fighting against BJP