നിപ്പ: ഇന്നലെ പരിശോധിച്ച 61 സാംപിളുകളും നെഗറ്റീവ്; 980 പേർ സമ്പർക്ക പട്ടികയിൽ

Mail This Article
തിരുവനന്തപുരം∙ നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബുധനാഴ്ച ലഭിച്ച 61 പരിശോധന ഫലങ്ങളും നെഗറ്റിവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒൻപതു വയസ്സുള്ള കുട്ടിയടക്കം ചികിത്സയിലുള്ള നിപ്പ പോസിറ്റീവായ നാല് വ്യക്തികളുടെയും ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നാണു ഡോക്ടർമാരുടെ റിപ്പോർട്ടെന്ന് മന്ത്രി പറഞ്ഞു. ആദ്യം രോഗം ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ഐസലേഷൻ കാലാവധി പൂർത്തിയായി.
നിപ്പയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത് 980 പേർ. ഒരാളെയാണ് പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. നിപ്പ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 115 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്.
മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 436 പേരാണുള്ളത്. കോൾ സെന്ററിൽ ബുധനാഴ്ച 45 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,238 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 63 എണ്ണം ഒഴിവുണ്ട്. നാല് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 10 മുറികളും അഞ്ച് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും 10 ഐ സി യു കിടക്കകളും ഒഴിവുണ്ട്.
വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. മൂന്ന് സ്വകാര്യ ആശുപത്രികളിലായി 23 മുറികളും 22 ഐസിയുകളും ഏഴ് വെന്റിലേറ്ററുകളും 16 ഐസിയു കിടക്കകളും ഒഴിവുണ്ട്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 1,003 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 53,708 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്.
∙ വവ്വാലുകളെ പിടികൂടാനായി വലവിരിച്ചു
നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കുന്നതിനായി വല വിരിച്ചു. നിപ രോഗ ബാധിത പ്രദേശമായ കുറ്റ്യാടിയിലെ ദേവർകോവിൽ പരിസരത്താണ് വല വിരിച്ചത്. ദേവർകോവിൽ കനാൽമുക്ക് റോഡിലെ ഒരു മരത്തിൽ നിരവധി വവ്വാലുകളുള്ളതിനാലാണ് ഇവിടെ വല വിരിക്കാൻ തെരഞ്ഞെടുത്തത്.
കേന്ദ്രത്തിൽ നിന്നും എത്തിയ വിദഗ്ദ്ധ സംഘവും, വനം വകുപ്പും, പാലോട് കേരള അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും , ജില്ലാ മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന നിപ പ്രതിരോധം പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിക്കുന്നത്. വവ്വാലിന് പുറമെ പ്രദേശത്തെ വളർത്തു മൃഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.
English Summary: Nipah Virus Today Updates