എംഎൽഎമാർക്കുള്ള പരിശീലന പരിപാടി: ഹാജർ കുറവ്, പങ്കെടുത്തത് 88 പേർ
Mail This Article
തിരുവനന്തപുരം∙ നിയമസഭ അംഗങ്ങൾക്കുള്ള പരിശീലന പരിപാടിയിൽ ഹാജർ കുറവ്. ഇന്നലെ നിയമസഭയിൽ നടന്ന പരിശീലന പരിപാടിയിൽ 140 അംഗങ്ങളിൽ 82 പേരാണു പങ്കെടുത്തത്. ഇന്ന് 88 അംഗങ്ങളും. രണ്ടു ദിവസത്തെയും ക്ലാസുകളിൽ 69 എംഎൽഎമാർ പങ്കെടുത്തു. പരിശീലനത്തിൽ പങ്കെടുക്കാത്ത എംഎൽഎമാരെ പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ.ഷംസീറും വിമർശിച്ചിരുന്നു.
ക്ലാസുകൾക്ക് വൈകി എത്തുന്നതു ശരിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പരിശീലന പരിപാടികളോട് ഒരു വിഭാഗം സാമാജികർ സഹകരിക്കുന്നില്ലെന്നു സ്പീക്കറും വിമർശിച്ചു. നിർബന്ധമായും പങ്കെടുക്കണമെന്ന നിർദേശം നൽകിയിരുന്നില്ലെന്നും അങ്ങനെ നിർദേശം നൽകാറില്ലെന്നും നിയമസഭയിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചു. മന്ത്രിമാർക്കു തിരക്കുകളുള്ളതിനാൽ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയണമെന്നില്ല. നിയമസഭാ നടപടികളെക്കുറിച്ച് അറിവുള്ള എംഎൽഎമാരും ക്ലാസുകളിൽനിന്നു വിട്ടു നിൽക്കാറുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഉപതിരഞ്ഞെടുപ്പുകളിലൂടെ സഭയിലെത്തിയ ഉമ തോമസും ചാണ്ടി ഉമ്മനും ക്ലാസുകളിൽ പങ്കെടുത്തു. ഈ സർക്കാരിന്റെ കാലത്തു സഭയിലെത്തിയവരാണു ക്ലാസുകളിൽ സജീവമായത്.
തദ്ദേശമന്ത്രി എം.ബി.രാജേഷ്, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, മാത്യു ടി. തോമസ് എംഎല്‍എ, മുന്‍ ലോക്സഭാ സെക്രട്ടറി പിഡിറ്റി ആചാരി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ആദ്യദിവസം ക്ലാസെടുത്തു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, വ്യവസായ മന്ത്രി പി.രാജീവ്, കെ.കെ.ശൈലജ എംഎല്‍എ, ന്യൂഡല്‍ഹി പിആര്‍എസ് റിസര്‍ച്ച് ടീമിലെ വിദഗ്ദ്ധര്‍ എന്നിവര്‍ ഇന്നത്തെ സെഷനില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
English Summary: Only 82 mlas participated in training programme