‘സുപ്രിയ വീട്ടിൽ പോകൂ, ഭക്ഷണം പാചകം ചെയ്യൂ എന്ന് ചന്ദ്രകാന്ത് പറഞ്ഞു, ഇതാണ് ബിജെപിയുടെ മനോനില’

Mail This Article
ന്യൂഡൽഹി∙ ലോക്സഭയിൽ നടന്ന വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ മുൻപ് ബിജെപി നേതാവു തനിക്കുനേരെ നടത്തിയ സത്രീവിരുദ്ധ പരാമർശത്തെക്കുറിച്ച് ഓർമിപ്പിച്ച് എൻസിപി നേതാവ് സുപ്രിയ സുളെ. മഹാരാഷ്ട്രയിലെ മുൻ ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലിന് എതിരെയായിരുന്നു സുപ്രിയ കടുത്ത വിമർശനം ഉയർത്തിയത്.
‘‘മഹാരാഷ്ട്രയിൽ ഒരു ബിജെപി നേതാവുണ്ടായിരുന്നു. സുപ്രിയ സുളെ വീട്ടിൽ പോകൂ, ഭക്ഷണം പാചകം ചെയ്യൂ, രാജ്യത്തെ ഞങ്ങൾ നയിച്ചോളാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതാണ് ബിജെപി നേതാക്കന്മാരുടെ മനോനില. വനിതാ നിയമസഭാംഗങ്ങൾക്ക് എതിരെ ബിജെപി നേതാക്കന്മാർ വ്യക്തിപരമായ കമന്റുകൾ നടത്തും. അവരുടെ മനോനില എന്താണെന്നു വ്യക്തമാക്കുന്ന കാര്യമാണിത്’’–സുപ്രിയ സുളെ വിശദീകരിച്ചു.
കഴിഞ്ഞവർഷമാണു ചന്ദ്രകാന്ത് സുപ്രിയയ്ക്ക് എതിരെ വിവാദ പരാമർശം നടത്തിയത്. ‘രാഷ്ട്രീയം മനസിലാകുന്നില്ലെങ്കിൽ വീട്ടിൽ പോയി ഭക്ഷണമുണ്ടാക്കു’ എന്നായിരുന്നു ചന്ദ്രകാന്തിന്റെ അധിക്ഷേപം. ഇതിനെതിരെ സുപ്രിയയുടെ ഭർത്താവു സദാനന്ദ് സുളെയും രംഗത്ത് എത്തിയിരുന്നു. ബിജെപി ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണെന്നും സാധിക്കുമ്പോഴെല്ലാം അവർ സ്ത്രീകളെ അപമാനിക്കുമെന്നുമായിരുന്നു വിഡിയോ പങ്കുവച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
English Summary: Supriya Sule reminded former bjp chief's comment