ADVERTISEMENT

കാക്കനാട്∙ ലോൺ ആപ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കുന്നതിനൊപ്പം പ്രാദേശികമായി വായ്പ നൽകിയും ചിട്ടി നടത്തിയും കബളിപ്പിക്കുന്ന സംഘങ്ങളും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ.

വായ്പാക്കുരുക്കിൽ കുരുങ്ങി ജീവനൊടുക്കുന്നവരുടെയും വസ്തുവകകൾ നഷ്ടപ്പെടുന്നവരുടെയും എണ്ണം കൂടിയതോടെയാണ് അന്വേഷണ ഏജൻസികൾ വട്ടിപ്പലിശക്കാരെ തേടി രംഗത്തിറങ്ങിയത്. നാടൻ പലിശക്കാരെയും അനധികൃത ചിട്ടി വയ്പ്പുകാരെയും കുറിച്ചാണ് സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ്, ഷാഡോ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷിക്കുന്നത്.

5 വർഷം മുൻപ് ‘ഓപ്പറേഷൻ കുബേര’ എന്ന പേരിൽ വ്യാപകമായ റെയ്ഡിലൂടെ ഒട്ടേറെ വട്ടിപ്പലിശക്കാരെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് നടപടികൾ അയഞ്ഞതോടെയാണ് നാടൻ പലിശക്കാർ സജീവമായതെന്നാണ് വിലയിരുത്തൽ. പണം ആവശ്യമുള്ളവരെ സമീപിച്ച് പ്രലോഭനത്തിൽ വീഴ്ത്തി വൻ പലിശയ്ക്കു വായ്പ നൽകി ബ്ലേഡ് വയ്ക്കുന്ന വ്യക്തികളും സംഘങ്ങളും പലയിടങ്ങളിലും സജീവമാണെന്നാണ് അന്വേഷകർക്ക് കിട്ടുന്ന വിവരം.

ഇവരുടെ കെണിയിൽപ്പെട്ട് വസ്തുവകകൾ നഷ്ടപ്പെട്ട ഒട്ടേറെ പേരുണ്ട്. നേരത്തെ ഉത്സവ സീസണുകളിലും സ്കൂൾ തുറപ്പു വേളകളിലും മാത്രം സജീവമായിരുന്ന വട്ടിപ്പലിശക്കാർ ഇപ്പോൾ എന്തിനും ഏതിനും വായ്പ വാഗ്ദാനം നൽകി നാട്ടിൽ ചുറ്റുന്നുണ്ടത്രെ. വിദേശ പഠനത്തിനുൾപ്പെടെ വൻതുകകൾ വിദ്യാഭ്യാസ വായ്പ നൽകുന്ന ഏജൻസികളും രക്ഷിതാക്കളെ സമീപിക്കുന്നുണ്ട്. വീടിന്റെ ആധാരം ഉൾപ്പെടെയുള്ള രേഖകളാണ് ഇവർ ഈടായി വാങ്ങുന്നത്.

ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ഒട്ടേറെ ബ്ലേഡ് മാഫിയാ സംഘാംഗങ്ങൾ ഒറ്റയ്ക്കും കൂട്ടായും വ്യാപാര മേഖലയിലും മറ്റും വൻ പലിശയ്ക്കു പണം വായ്പ നൽകുന്നുണ്ട്. നാട്ടുകാരായ ബ്ലേഡ് ഇടപാടുകാരും വായ്പാ വാഗ്ദാനവുമായി ആവശ്യക്കാരെ സമീപിക്കാറുണ്ട്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും വട്ടിപ്പലിശയ്ക്കു പണം നൽകുന്നുണ്ട്. ഇവർ നേരിട്ട് പണമിറക്കാതെ വിശ്വസ്തരായ മറ്റു പണമിടപാടുകാർക്ക് വൻതോതിൽ പണം നൽകിയാണ് ബ്ലേഡ് ശൃംഖലയിൽ പങ്കാളികളാകുന്നത്.

പണം വേണ്ടവരെ തേടി ഏജന്റ് വീട്ടിലെത്തും

ആർക്കെങ്കിലും പണം ആവശ്യമുണ്ടെന്നു ബോധ്യപ്പെട്ടാൽ അവരെ വീടുകളിലെത്തി ക്യാൻവാസ് ചെയ്ത് ബ്ലേഡുകാരുടെ അടുക്കലെത്തിക്കുന്നത് ഏജന്റുമാരാണ്. കമ്മിഷൻ അടിസ്ഥാനത്തിലാണ് ഇവരുടെ പ്രവർത്തനം.

വായ്പയുടെ വലിപ്പമനുസരിച്ച് കമ്മിഷനും കൂടുമെന്നതിനാൽ ആവശ്യക്കാരെ കൊണ്ട് വൻ തുക വായ്പയെടുപ്പിക്കാൻ ഇവർ സമ്മർദം ചെലുത്തും. പലിശ ആദ്യം ഈടാക്കിയ ശേഷമാണ് ബ്ലേഡ് മാഫിയ വായ്പ തുക ആവശ്യക്കാർക്ക് കൈമാറുന്നത്. പല നിരക്കുകളിലാണ് പലിശ ഈടാക്കുന്നത്. വായ്പ ചോദിക്കുന്നവരുടെ ആവശ്യകതയുടെ അടിയന്തര സ്വഭാവമനുസരിച്ചും തുകയുടെ വലുപ്പമനുസരിച്ചുമാണ് പലിശ നിർണയം. വലിയ തുകയ്ക്ക് വസ്തുവിന്റെ ആധാരവും ചെറിയ തുകയ്ക്ക് ചെക്ക് ലീഫുകൾ, റേഷൻ കാർഡ്, വാഹനങ്ങളുടെ ആർസി ബുക്ക് തുടങ്ങിയവയുമാണ് ഈട്. തവണകളുടെ എണ്ണം കൂടുംതോറും പലിശ ഇരട്ടിക്കും. തവണ മുടങ്ങിയാൽ പലിശ വീണ്ടും കൂടും.

English Summary: Usurers who get involved in loans are also under surveillance  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT