ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര സർക്കാർ സഹകരിക്കുന്നില്ലെങ്കിൽ കടം വാങ്ങി കേരളത്തെ വികസിപ്പിക്കുമെന്നും ആ വികസനത്തിലൂടെ കടം വീട്ടുമെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ലഭിച്ചു‌കൊണ്ടിരിക്കുന്ന വരുമാനം എൽഡിഎഫ് സർക്കാർ നാടിന്റെ സമഗ്ര വികസനത്തിനും ക്ഷേമത്തിനുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ റെയിൽ പദ്ധതി സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചില്ലായിരുന്നെങ്കിൽ ഈ വന്ദേഭാരത് ഉണ്ടാകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ എൽഡിഎഫ് രാജ് ഭവനു മുന്നിൽ സംഘടിപ്പിക്കുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ.

‘‘കേരളത്തിന്റെ വികസന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കുന്നില്ലെങ്കില്‍ ഈ നാടിനെ കടം വാങ്ങി വികസിപ്പിക്കും. ആ വികസനത്തിലൂടെ നമ്മള്‍ കടം വീട്ടും. കച്ചവടക്കാരെല്ലാം അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് എത്രമാത്രം കടമുണ്ട്. കടം വാങ്ങി നാട് നന്നാക്കി, കടംവീട്ടി, കേരളീയരുടെ മുഴുവന്‍ അഭിവൃദ്ധിക്കു നടപടികള്‍ സ്വീകരിക്കുന്ന ഒരു ജനാധിപത്യ സര്‍ക്കാരിനെ എന്തിനാണ് ഇങ്ങനെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നത്?’’ – ജയരാജൻ ചോദിച്ചു. കേരളം സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണെന്നും ബിജെപിക്കൊപ്പം ചേർന്ന് യുഡിഎഫ് കേരളത്തിന്റെ വികസനത്തിന്‌ എതിര് നിൽക്കുന്നുവെന്നും ഇപി കുറ്റപ്പെടുത്തി.

‘‘ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഒരു സെമി സ്പീഡ് റെയിൽവേ ലൈൻ സ്ഥാപിക്കാൻ തീരുമാനിച്ചു. യാത്രയ്ക്ക് സൗകര്യം, ടൂറിസത്തിനു നല്ലത്, കേരളത്തിന്റെ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചുകൊണ്ട് പുതിയ സംരംഭങ്ങൾ... അത്തരമൊരു കെ റെയിൽ പദ്ധതിയുമായി വന്നപ്പോൾ, യുഡിഎഫുകാരും ബിജെപിക്കാരും കുറ്റി പിരിക്കാൻ നടന്നു.

ആ കെ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോയതുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇവിടെ കെ റെയിൽ പദ്ധതി അനുവദിച്ചത്. കെ റെയിലിനു പകരം ഇതാ ഒരു റെയിൽ ഞങ്ങൾ തരുന്നു എന്നു പറഞ്ഞാണ് അവർ വന്ദേഭാരത് അനുവദിച്ചത്. അതായത് കെ റെയിലാണ് ഇതിന്റെ അടിസ്ഥാന ഘടകം. കെ റെയിൽ പദ്ധതി ഇവിടെ സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചില്ലായിരുന്നെങ്കിൽ ഈ വന്ദേഭാരത് ഉണ്ടാകുമായിരുന്നോ?’’ – ജയരാജൻ ചോദിച്ചു.

English Summary: EP Jayarajan Speaks On Development Of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com