‘കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണി; വീസ നടപടികൾ നിർത്തിവച്ചത് അതുകൊണ്ട്’

Mail This Article
ന്യൂഡൽഹി∙ കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണിയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. വീസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചത് അതുകൊണ്ടാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഷയം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘സിഖ് വിഘടനവാദിയുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം മുൻവിധിയോടെയുള്ളതാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണിത്. സുരക്ഷാ പ്രശ്നമുള്ളതിനാൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുകളിലെയും കോൺസുലേറ്റുകളിലെയും വീസ അപേക്ഷ നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ട്. ഹർദീപ് സിങ് നിജ്ജാറിന്റെ കേസിനെക്കുറിച്ച് വ്യക്തമായ എന്തെങ്കിലും വിവരം കാനഡ പങ്കുവച്ചിട്ടില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയുമായുള്ള നയതന്ത്ര പ്രശ്നത്തിൽ സഖ്യകക്ഷികളോട് രാജ്യത്തിന്റെ കാഴ്ചപ്പാട് അറിയിച്ചോയെന്ന ചോദ്യത്തോട് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
English Summary: Diplomatic Crisis Deepens: MEA has said that there is a threat to Indian representatives in Canada