ADVERTISEMENT

ന്യൂ‍ഡൽഹി∙ കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് നിർത്തിവച്ചതായി റിപ്പോർട്ട്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകില്ലെന്ന് വീസ അനുവദിക്കുന്ന അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷനൽ അവരുടെ വെബ്സൈറ്റിലൂടെ അറിയിക്കുകയായിരുന്നു. ഈ നോട്ടിസ് പിന്നീട് വെബ്സൈറ്റിൽനിന്നു അപ്രത്യക്ഷമായത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ വീണ്ടും വെബ്സൈറ്റിൽ ഈ അറിയിപ്പ് വന്നിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വിദേശകാര്യ വക്താവ് തയാറായിട്ടില്ല.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളാകുന്നതിനിടെയാണ് ഇപ്പോഴത്തെ നീക്കമുണ്ടായത്. പ്രവർത്തനപരമായ കാരണങ്ങളാൽ വീസ സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് ഓൺലൈൻ വീസ അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷനലിന്റെ അറിയിപ്പിൽ പറയുന്നു. ‘‘ഇന്ത്യൻ മിഷനിൽനിന്നുള്ള പ്രധാന അറിയിപ്പ്: പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 സെപ്റ്റംബർ 21 മുതൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വീസ സേവനങ്ങൾ നിർത്തിവച്ചിരിക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്ക് ബിഎൽഎസ് വെബ്‌സൈറ്റ് സന്ദർശിക്കുക’’ എന്നാണ് അറിയിപ്പിൽ പറയുന്നത്.

കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാൻ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. അതിനിടെയാണ് കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് ഇന്ത്യ താൽകാലികമായി നിർത്തിവച്ചത്.

ഖലിസ്ഥാൻ ഭീകരൻ ഹർദീപ്സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന 'വിശ്വസനീയമായ ആരോപണം' കനേഡിയൻ സുരക്ഷാ ഏജൻസികൾ അന്വേഷിച്ചുവരുന്നതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ വിശദീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളായത്. പിന്നാലെ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉന്നത ഉദ്യോഗസ്ഥൻ പവൻകുമാർ റായിയെ തിങ്കളാഴ്ച വൈകി കാനഡ പുറത്താക്കിയിരുന്നു.

ഇതിനു പിന്നാലെ, കാനഡയുടെ വാദങ്ങൾ പൂർണമായും തള്ളിയ ഇന്ത്യ കാനഡ ഹൈക്കമ്മിഷണർ കാമറോൺ മക്കയോവെയെ വിദേശകാര്യമന്ത്രാലയ ഓഫിസിൽ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. തൊട്ടുപിന്നാലെ കാനഡയുടെ ഇന്റലിജൻസ് സർവീസ് തലവൻ ഒലിവർ സിൽവസ്റ്ററിനെ ഇന്ത്യ പുറത്താക്കി. 5 ദിവസത്തിനകം രാജ്യം വിടാന്‍ നിർദേശിക്കുകയും ചെയ്തു. ജി20 ഉച്ചകോടി സമാപിച്ച് ഒരാഴ്ച തികയുമ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നത്.

English Summary: Indian visa services in Canada suspended as diplomatic crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com