ADVERTISEMENT

ന്യൂഡൽഹി ∙ ഖലിസ്ഥാൻ നേതാവ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന് ഇന്ത്യ–കാനഡ നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെയാണ് സുഖ്ദൂൽ സിങ് (സുഖ ദുൻകെ) എന്ന ഖലിസ്ഥാൻ നേതാവു കൂടി കാനഡയിൽ കൊല്ലപ്പെട്ടത്. എന്നാൽ സുഖ ദുൻകെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘം രംഗത്തുവന്നതോടെ കഥ മാറുകയാണ്. സിദ്ദു മൂസാവാലയുടെ കൊലയ്ക്കു പിന്നാലെ ഉയർന്ന ബിഷ്ണോയി – ബാംബിഹ ‘ഗ്യാങ് വാർ’ വീണ്ടും തലപൊക്കുകയാണ്. ദേവിന്ദർ ബാംബിഹയുടെ സംഘത്തിൽപ്പെട്ടയാളാണ് ദുൻകെ. സമൂഹ മാധ്യത്തിലൂടെണ് ലോറൻസ് ബിഷ്ണോയി സംഘം സുഖ ദുൻകെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

ബിഷ്ണോയി സംഘത്തിലെ അംഗങ്ങളായ ഗുർലാൽ ബ്രാർ, വിക്കി എന്നിവരുടെ കൊലപാതകത്തിനു പിന്നിൽ സുഖ ദുൻകെയുണ്ടെന്നാണ് ബിഷ്ണോയിയുടെ ആരോപണം. സുഖ ദുൻകെ ലഹരിക്ക് അടിമയായാരുന്നെന്നും അയാൾ നിരവധി പേരുടെ ജീവൻ ഇല്ലാതാക്കിയെന്നും ഇപ്പോൾ ‘അയാളുടെ പാപങ്ങൾക്ക് ശിക്ഷ’ ലഭിച്ചെന്നുമാണ് ബിഷ്ണോയി സംഘം ഫെയ്സ്ബുക്കിൽ കുറിച്ചത്. സന്ദീപ് നംഗൽ എന്നയാളെ കൊലപ്പെടുത്തുന്നതിനു ദുൻകെ ചുക്കാൻ പിടിച്ചതായും ബിഷ്ണോയി സംഘം ആരോപിക്കുന്നു. ഏതു രാജ്യത്തുപോയി ഒളിച്ചാലും തങ്ങളുടെ കൂട്ടാളികളെ കൊലപ്പെടുത്താൻ കൂട്ടുനിന്നവരെ ബാക്കിവയ്ക്കില്ല എന്ന മുന്നറിയിപ്പും ബിഷ്ണോയ് സംഘം നൽകുന്നുണ്ട്.

പാക്കിസ്ഥാനിൽനിന്ന് 200 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിമരുന്നു കടത്തിയ േകസുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്ണോയി ഇപ്പോൾ ഭീകരവിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിലാണ്. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയെ വധിച്ച കേസിൽ തിഹാർ ജയിലിൽ കഴിയവേയാണ് പുതിയ കേസിൽ ബിഷ്ണോയിയെ ഐടിഎസിന് കൈമാറിയത്.

ആരാണ് സുഖ്ദൂൽ സിങ്?

പഞ്ചാബിലെ മോഗ ജില്ലയിലെനിന്നുള്ള സുഖ്ദുൽ സിങ് എന്ന സുഖ ദുൻകെ 2017 ലാണ് കാനഡയിലേക്കു കുടിയേറുന്നത്. ഖലിസ്ഥാൻ ഭീകരൻ അർഷ്‍ദീപ് സിങ് അഥവാ അർഷ് ദാലയുടെ കൂട്ടാളിയായിരുന്നു സുഖ്ദുൽ. ഇന്ത്യയിൽ ഏഴോളം ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട്. എന്നിട്ടും വ്യാജ പാസ്പോർട്ടിൽ പൊലീസ് ക്ലിയറൻസ് ലഭിച്ചാണ് ഇയാൾ കാനഡയിലേക്കു കടന്നത്. കാനഡയിലെ വിന്നിപെഗിൽ ബുധനാഴ്ച രാത്രിയാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് സൂചന.

ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാർ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ വിവാദം തുടരുന്നതിനിടെയാണ് സുഖ്ദുലിന്റെയും കൊലപാതകം. ജൂൺ 18നാണ് നിജ്ജാർ കൊല്ലപ്പെട്ടത്.

സിദ്ദു മൂസാവാല മോഡൽ..

ബിഷ്ണോയി– ബാംബിഹ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഇടയ്ക്കിടെ വാർത്തകളിൽ ഇടംനേടാറുണ്ട്. ഇരുവരും തമ്മിലുള്ള വൈരത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2016ൽ ഭട്ടിൻഡ ജില്ലയിൽ വച്ചുണ്ടായ ഏറ്റുമുട്ടലിലാണ് ഉത്തരേന്ത്യയിലെ കുപ്രസിദ്ധനായ ഗുണ്ടാ നേതാവ് ദേവീന്ദർ ബാംബിഹ കൊല്ലപ്പെട്ടത്. ബിഷ്ണോയി സംഘവുമായി കടുത്ത ശത്രുതയിലായിരുന്നു ബാംബിഹ സംഘം.

കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസാവാലയെ വെടിവച്ചു കൊലപ്പെടുത്തിയത് ബിഷ്ണോയ് സംഘമാണെന്നാണ് റിപ്പോർട്ട്. 2022 മേയ് 29നാണ് സിദ്ദു മൂസവാല കൊല്ലപ്പെട്ടത്. വിക്കി, ഗോൾഡി ബ്രാറിന്റെ കസിൻ ഗുർലാൽ ബ്രാർ എന്നിവരുടെ കൊലപാതകത്തിനു പകരം ചോദിച്ചതാണ് ഈ കൊലപാതകമെന്ന അവകാശവാദവുമായി ബിഷ്ണോയിയുടെ പേരിൽ ഫെയ്സ്ബുക് പോസ്റ്റ് വന്നിരുന്നു. മൂസാവാലയ്ക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധങ്ങളില്ല എന്നാണ് കുടുംബം പറയുന്നത്. എന്നാൽ മൂസവാലയുടെ നിർദേശപ്രകാരമാണ് വിക്കിയെ കൊലപ്പെടുത്താൻ മൂസാവാലയുടെ മാനേജറായ ഷഗുൺപ്രീത് ഒത്താശ ചെയ്തത് എന്നാണ് ബിഷ്ണോയി സംഘം പറയുന്നത്. ഗുർലാൽ ബ്രാർ, വിക്കി എന്നിവരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ്, ഇപ്പോൾ ദുൻകെയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന അവകാശവുമായി ബിഷ്ണോയി സംഘം എത്തിയിരിക്കുന്നതും.

English Summary: Gangster Lawrence Bishnoi claims terrorist Sukhdool Singh’s killing in Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT