ADVERTISEMENT

ന്യൂയോർക്ക്∙ ഖലിസ്ഥാൻവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്കു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് ആവർത്തിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അങ്ങനെ കരുതാൻ വിശ്വസനീയമായ കാരണമുണ്ടെന്നു വ്യക്തമാക്കിയ ട്രൂഡോ, അന്വേഷണത്തിൽ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ‌ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്ത ശേഷം വാർത്താസമ്മേളനത്തിലാണ് ട്രൂഡോയുടെ പ്രസ്താവന. എന്നാൽ, ഇന്ത്യൻ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.

‘ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോടു സഹകരിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിക്കുകയാണ്. നീതി നടപ്പാകണം. നിയമവാഴ്ചയ്ക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നത്. സ്വതന്ത്രമായ രീതിയിൽ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. കനേഡിയന്‍ പൗരനെ സ്വന്തം മണ്ണിൽ കൊല ചെയ്തത് രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. കൊലയ്ക്കു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്നതിന് വിശ്വസനീയമായ തെളിവുണ്ട്. ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം ഞങ്ങൾക്കില്ല.’ – ട്രൂഡോ പറഞ്ഞു.

ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവൻ ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന ‘വിശ്വസനീയമായ ആരോപണം’ സുരക്ഷാ ഏജൻസികൾ അന്വേഷിച്ചുവരുന്നതായി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ വിശദീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യ–കാനഡ നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടായത്. ആരോപണം അസംബന്ധവും തെളിവില്ലാത്തതുമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

English Summary: Nijjar killing: I call upon the Indian government to work with us and allow justice to follow its course, says Canada PM Justin Trudeau

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com