‘പാർട്ടി പരിപാടി’: സർക്കാരിന്റെ മണ്ഡല പര്യടനം യുഡിഎഫ് ബഹിഷ്കരിക്കും

Mail This Article
തിരുവനന്തപുരം∙ കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം പരിപാടി, മന്ത്രിമാരുടെ നിയോജക മണ്ഡലം പരിപാടി എന്നിവയിൽനിന്നും യുഡിഎഫ് വിട്ടുനിന്നേക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പാർട്ടി പരിപാടിയാണെന്ന തോന്നൽ യുഡിഎഫിനുണ്ട്. യുഡിഎഫ് നേതാക്കളുമായി ചർച്ച ചെയ്തശേഷം അന്തിമ തീരുമാനമെടുക്കും.
നവംബർ ഒന്നു മുതൽ ഒരാഴ്ചത്തേയ്ക്കാണ് സർക്കാർ കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലാണ് നിയോജക മണ്ഡലങ്ങളിൽ ജനസദസ് നടത്തുന്നത്. ജനങ്ങളുമായി സംവദിക്കുകയാണ് മണ്ഡലം തലത്തിൽ നടത്തുന്ന പരിപാടിയുടെ ഉദ്ദേശ്യമെന്നാണ് സർക്കാർ വിശദീകരണം.
കേരളീയം പരിപാടിയിൽ പ്രതിപക്ഷ നേതാക്കളായ എ.കെആന്റണി, വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, ശശി തരൂർ, എം.വിൻസെന്റ് എന്നിവരെ ഉൾപ്പെടുത്തി സംഘാടക സമതി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം പല നേതാക്കളും അറിഞ്ഞിരുന്നില്ല. പരിപാടിയെക്കുറിച്ച് വിശദമായി പരിശോധിച്ചശേഷം തീരുമാനമെടുക്കും.
മന്ത്രിമാരുടെ മണ്ഡലം പര്യടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്. മണ്ഡലത്തിലെ പരിപാടിയുടെ ചുമതല എംഎൽഎമാർക്കാണ്. സർക്കാർ പരിപാടിയായതിനാൽ പ്രതിപക്ഷ എംഎൽഎമാർക്കും ചുമതല ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. ഇക്കാര്യവും യുഡിഎഫ് ചർച്ച ചെയ്യും. ചടങ്ങ് ബഹിഷ്കരിച്ചാൽ വികസന പ്രവർത്തനങ്ങളോട് മുഖംതിരിക്കുന്നു എന്ന ആരോപണം ഉണ്ടാകാം. സർക്കാരിനെ വിമർശിക്കാനുള്ള അവസരമായി ഇതിനെ കാണണമെന്ന അഭിപ്രായവും മുന്നണിയിലുണ്ട്.
English Summary: UDF will boycott Government's Constituency Tour