ഹരിയാനയിൽ 3 സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കി; സംഭവം ഭർത്താക്കന്മാരും കുട്ടികളും നോക്കിനിൽക്കെ
Mail This Article
പാനിപ്പത്ത്∙ ഹരിയാനയിലെ പാനിപ്പത്തിൽ മൂന്നു സ്ത്രീകളെ അവരുടെ കുടുംബാംഗങ്ങളുടെ മുന്നിൽവച്ച് അജ്ഞാതരായ നാലു പേർന്ന് പീഡനത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രി വൈകി നടന്ന സംഭവം ഇന്നലെയാണ് പുറത്തായത്. ആയുധങ്ങളുമായെത്തിയാണ് നാലംഗ സംഘം സ്ത്രീകളെ പീഡിപ്പിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. 24, 25, 35 വയസ്സുള്ള സ്ത്രീകളെയാണ് അവരുടെ ഭർത്താക്കൻമാരുടെയും മക്കളുടെയും മുന്നിൽവച്ച് പീഡിപ്പിച്ചത്.
പാതിരാത്രി വീട്ടിൽ അതിക്രമിച്ചു കയറി അക്രമികൾ, സ്ത്രീകളുടെ കുടുംബാംഗങ്ങളെ എല്ലാവരെയും കയർ ഉപയോഗിച്ച് ബന്ധിക്കുകയാണ് ആദ്യം ചെയ്തത്. തുടർന്നായിരുന്നു പീഡനം. ഇതിനു ശേഷം വീട്ടിൽനിന്ന് പണവും സ്വർണാഭരണങ്ങളും ഉൾപ്പെടെ മോഷ്ടിച്ചാണ് സംഘം രക്ഷപ്പെട്ടത്.
അതിനിടെ, ഈ സംഭവം നടന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറി മറ്റൊരു സ്ത്രീയും ഈ സമയത്ത് ആക്രമിക്കപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഈ സ്ത്രീ പിന്നീട് മരിച്ചു. ഇവരുടെ ഭർത്താവിന്റെ കയ്യിൽനിന്നും പണം ഉൾപ്പെടെ മോഷ്ടിച്ചാണ് ഈ സംഘവും രക്ഷപ്പെട്ടത്. രണ്ടിടത്തും ആക്രമണം നടത്തിയത് ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
അതേസമയം, മുൻവൈരാഗ്യമാണ് അക്രമത്തിനു കാരണമെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ട്. ഒരു മാസം മുൻപ് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് ചിലർ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇവർ തന്നെയാകാം ആക്രമണത്തിനു പിന്നിലെന്നാണ് വിലയിരുത്തൽ. ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിലാണ് ഇതേ സംഘം സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയതെന്നും പൊലീസ് കരുതുന്നു. ഇരു സംഭവങ്ങളിലും എഫ്ഐആര്‍ റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങി.
English Summary: 3 Women Gangraped In Front Of Family Members In Haryana