എടപ്പാടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിത്വം കേന്ദ്രം തീരുമാനിക്കും; അണ്ണാമലൈ

Mail This Article
ചെന്നൈ ∙ തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി എടപ്പാടി പളനിസാമിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്നും അതു ദേശീയ നേതൃത്വമാണു തീരുമാനിക്കേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു.
നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുകയെന്നതാണ് ഈ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. അതിനിടെ, എടപ്പാടിയെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ കഴിയില്ല. തമിഴ്നാട്ടിൽ ബിജെപി ഭരണം കൊണ്ടുവരാനാണു താൻ നിയോഗിക്കപ്പെട്ടതെന്നും തന്റെ സ്വഭാവത്തെ ചോദ്യം ചെയ്താൽ തിരിച്ചടിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
ഈ സഖ്യത്തിലെ ഓരോ പാർട്ടിക്കും വ്യത്യസ്ത ആശയ സിദ്ധാന്തമാണുള്ളത്. അതുകൊണ്ട് സ്വാഭാവികമായും സംഘർഷങ്ങളും ഏറ്റുമുട്ടലുകളും സാധാരണമാണ്. അതൊരു വലിയ കാര്യമല്ല. തനിക്കാരോടും പ്രശ്നങ്ങളില്ല.
അണ്ണാഡിഎംകെ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു താൻ ഉത്തരം പറയാനില്ല. അതിനു ദേശീയ നേതൃത്വം തന്നെ മറുപടി നൽകും. അണ്ണാഡിഎംകെ സനാതന ധർമത്തെക്കുറിച്ച് സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് പോലും തെറ്റാണ്. തമിഴ്നാട്ടിൽ കോൺഗ്രസിനും ഡിഎംകെയ്ക്കും ഒരേ സ്വരമാണ്. ഡിഎംകെ പറഞ്ഞാൽ എല്ലാം ശരിയാണെന്ന് കോൺഗ്രസ് പറയുമെന്നും അണ്ണാമലൈ പറഞ്ഞു.
എടപ്പാടിയെ അപകീർത്തിപ്പെടുത്തരുത്; ഉദയനിധിയെ വിലക്കി ഹൈക്കോടതി
ചെന്നൈ ∙ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ.പളനിസ്വാമി കൊലപാതക – അഴിമതിക്കേസുകളിൽ ഉൾപ്പെട്ടയാളെന്ന തരത്തിൽ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ മദ്രാസ് ഹൈക്കോടതി വിലക്കി. 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എടപ്പാടി സമർപ്പിച്ച മാനനഷ്ടക്കേസ് പരിഗണിച്ചാണ് ജസ്റ്റിസ് ആർ.എൻ.മഞ്ജുളയുടെ ഉത്തരവ്.
കൊടനാട് കുറ്റകൃത്യവുമായി എടപ്പാടിക്ക് യാതൊരു ബന്ധവുമില്ലെന്നും കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു തവണ പോലും സമൻസ് അയച്ചിട്ടില്ലെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നിട്ടും, പരാതിക്കാരന്റെ സൽപേരിന് കോട്ടം വരുത്തുന്ന തരത്തിൽ അപകീർത്തികരമായ ആരോപണങ്ങൾ മന്ത്രി ഉന്നയിക്കുകയാണെന്നും അദ്ദേഹം പരാതിപ്പെട്ടു. മന്ത്രി നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇത് അപകീർത്തിയുണ്ടാക്കിയെന്നും എടപ്പാടി കോടതിയെ അറിയിച്ചു. വാദങ്ങൾ അംഗീകരിച്ച കോടതി ഉദയനിധിക്ക് നോട്ടിസ് അയയ്ക്കാനും ഉത്തരവിട്ടു.
English Summary: BJP State President Urges National Leadership to Decide Chief Ministerial Candidate in Tamil Nadu