ADVERTISEMENT

ചണ്ഡിഗഡ്∙ പഞ്ചാബിൽ കബഡി താരത്തെ വീടിനു മുന്നിലിട്ട് അക്രമികൾ വെട്ടിക്കൊന്നു. ‘ഇതാ കിടക്കുന്നു നിങ്ങളുടെ സിംഹക്കുട്ടി’ എന്ന് മാതാപിതാക്കളോട് പറഞ്ഞ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ അക്രമികൾ വീടിനു പുറത്ത് ഉപേക്ഷിച്ചു. കേസിലെ പ്രധാന പ്രതിയെ യുവാവിന്റെ പിതാവ് തിരിച്ചറിഞ്ഞെങ്കിലും അക്രമികളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഹർദീപ് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളും പ്രദേശവാസിയായ ഹർപ്രീത് സിങ്ങും തമ്മിൽ ദീർഘനാളായി തർക്കമുണ്ടായിരുന്നു. ഇരുവർക്കും എതിരെ പൊലീസിൽ കേസുകളുണ്ട്. പൊലീസിനെ പേടിച്ച് മകൻ വീട്ടിൽ താമസിച്ചിരുന്നില്ലെന്ന് കൊല്ലപ്പെട്ട ഹർദീപ് സിങ്ങിന്റെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിയ ഹർദീപ്, ബാങ്ക് പാസ്ബുക്കുമായി പോയി. രാത്രി പത്തരയോടെ വീടിന്റെ വാതിലിൽ ആരോ മുട്ടുന്നതു കേട്ടു. പുറത്തിറങ്ങാൻ ധൈര്യമില്ലാത്തതിനാൽ ടെറസിൽ കയറി നോക്കി. ഹർപ്രീത് സിങ്ങും അനുയായികളും ആയിരുന്നു അത്. അഞ്ചുപേരോളമുള്ള സംഘമായിരുന്നു അവരുടേത്. ‘നിങ്ങളുടെ മകൻ കൊല്ലപ്പെട്ടു. അവന്റെ കഥകഴിഞ്ഞു. നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നു’ എന്നാണ് അവർ ആക്രോശിച്ചു കൊണ്ടിരുന്നത്. തുടർന്ന് വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന മകനെയാണ് കണ്ടതെന്നും ഹർദീപ് സിങ്ങിന്റെ പിതാവ് പൊലീസിൽ മൊഴി നൽകി.

ഹർപ്രീതും അനുയായികളും മാരകായുധങ്ങൾ ഉപയോഗിച്ച് തന്നെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നെന്ന് മരിക്കുന്നതിനു മുൻപ് ഹർദീപ് തന്നോട് പറഞ്ഞതായും പിതാവ് പൊലീസിൽ മൊഴി നൽകി. പരുക്കേറ്റ യുവാവിനെ ജലന്ധറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവാവിന്റെ കൊലപാതകം ഇപ്പോൾ രാഷ്ട്രീയതലത്തിൽ ചർച്ചയാകുക‌യാണ്. മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെ നേതൃതൃത്വത്തിലുള്ള എഎപി സർക്കാരിനു കീഴിൽ പഞ്ചാബിൽ ജംഗിൾ രാജ് നിലനിൽക്കുന്നു എന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ ആരോപിച്ചു. യുവാവിന്റെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary: Brutal Killing Of A Young Kabaddi Player At Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com