‘വികസനക്കുതിപ്പിന് ശക്തി പകരും’: കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ എത്തിയതിൽ മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ കൊച്ചി മെട്രോ പ്രവർത്തനലാഭം കൈവരിച്ചത് വികസനക്കുതിപ്പിന് ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതൊരു നാടിന്റെയും വികസനമുന്നേറ്റത്തിന് ഊർജം പകരുന്നത് അവിടുത്തെ പൊതുഗതാഗത രംഗത്തിന്റെ വളർച്ചയാണ്. 2017 ജൂണിൽ സർവീസ് ആരംഭിച്ച കൊച്ചി മെട്രോ, കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വിവിധ നടപടികളുമായി മുന്നോട്ടുപോകുകയാണ് എൽഡിഎഫ് സർക്കാരെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോയുടെ വരുമാനം 2020-21 വർഷത്തിലെ 54.32 കോടി രൂപയിൽനിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നിരുന്നു. 5.35 കോടിയാണ് ഇത്തവണത്തെ പ്രവര്‍ത്തനലാഭം. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടമാണ് ആദ്യമായി പ്രവർത്തനലാഭത്തിലെത്താൻ കെഎംആർഎലിനെ സഹായിച്ചത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവും വരവും ആസ്പദമാക്കിയാണ് പ്രവര്‍ത്തനലാഭം കണക്കാക്കുന്നത്. മെട്രോയുടെ നിര്‍മാണത്തിനും സാങ്കേതികവിദ്യക്കും വേണ്ടിവന്ന വായ്പകളും മറ്റു നികുതികളും അടയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.
മുഖ്യമന്ത്രി കുറിപ്പിന്റെ പൂർണരൂപം:
ഏതൊരു നാടിന്റെയും വികസനമുന്നേറ്റത്തിന് ഊർജ്ജം പകരുന്ന കാര്യമാണ് അവിടത്തെ പൊതുഗതാഗത രംഗത്തിന്റെ വളർച്ചയെന്നത്. കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ 2022-23 സാമ്പത്തിക വർഷത്തിൽ വരുമാനത്തിലുണ്ടായ 145% വർദ്ധനവുവഴി പ്രവർത്തന ലാഭം നേടിയിരിക്കുന്നു. 2017 ജൂണിൽ സർവ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നത്.
കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം 2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നിരിക്കുന്നു. യാത്രക്കാരുടെ എണ്ണത്തിൽ വന്ന വർദ്ധനവാണ് ഇതിനു കാരണം. കൊച്ചി മെട്രോ ആരംഭിച്ച 2017 ൽ 59,894 ആളുകളാണ് ഇതിലൂടെ യാത്ര ചെയ്തത്. കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡി (കെഎംആർഎൽ) ന്റെ പരിശ്രമങ്ങളുടെ ഫലമായി പിന്നീട് കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. ഇതിന്റെ ഭാഗമായി 2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും ഇത് ഒരു ലക്ഷത്തിലധികം എന്ന സംഖ്യയിലേക്കുമെത്തുകയുണ്ടായി.
അത്യാധുനിക പശ്ചാത്തല സൗകര്യങ്ങൾ ഏതൊരു വികസിത സമൂഹത്തിനും അനിവാര്യമായ കാര്യമാണ്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വിവിധ നടപടികളുമായി മുന്നോട്ടുപോകുകയാണ് എൽഡിഎഫ് സർക്കാർ. കാര്യക്ഷമവും വികസിതവുമായ പൊതുഗതാഗത സംവിധാനങ്ങളൊരുക്കാനും സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചുവരുന്നു. കേരളത്തിന്റെ അഭിമാന സംരംഭമായ കൊച്ചി മെട്രോ പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് നമ്മുടെ ഈ വികസനക്കുതിപ്പിന് ശക്തി പകരും.
English Summary: CM Pinarayi Vijayan on Kochi Metro Profit