ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് കമൽഹാസൻ
Mail This Article
ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് ചലച്ചിത്രതാരം കമൽഹാസൻ. കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമൽഹാസൻ പറഞ്ഞു. മക്കൾ നീതി മയ്യം യോഗത്തിലാണ് പ്രഖ്യാപനം.
മക്കൾ നീതി മയ്യത്തിലെ നാലു ജില്ലകളിലെ പ്രവർത്തകരുടെ യോഗമാണ് കോയമ്പത്തൂരിൽ നടന്നത്. ചെന്നൈ സൗത്ത്, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നേരത്തെ തന്നെ കമൽഹാസൻ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കോയമ്പത്തൂരിൽ പല പ്രവർത്തനങ്ങളും മക്കൾ നീതി മയ്യം നടത്തിയിരുന്നു. അതിലെല്ലാം കമൽഹാസൻ പങ്കാളിയായിരുന്നു. ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായി കമൽ വരുമോ എന്നതു സംശയമാണ്. 40 മണ്ഡലങ്ങളിലും മത്സരത്തിനു തയാറായിരിക്കണം എന്നു കമൽ ഹാസൻ നേരത്തെ പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു. ഇതിൽ നിന്ന് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കമാണോ എന്ന് വ്യക്തമല്ല.
അതേസമയം ഉദയനിധി സ്റ്റാലിന്റെ സനാതന പരാമർശം നേരത്തെ പെരിയാർ അടക്കമുള്ളവർ പറഞ്ഞിട്ടുള്ളതാണെന്ന് പറഞ്ഞ് ഉദയനിധിക്കു പരോക്ഷമായ പിന്തുണയും അദ്ദേഹം നൽകിയിട്ടുണ്ട്. സിപിഎമ്മിന്റെ പി.ആർ.നടരാജനാണ് നിലവിൽ കോയമ്പത്തൂരിൽ എംപി. ഡിഎംകെ സഖ്യത്തിലെ സിപിഎമ്മിനെ മാറ്റി അവിടെ കമൽഹാസന് മത്സരിക്കാൻ സാധിക്കുമോ എന്നത് വ്യക്തമല്ല.
നിയമസഭാ തിരഞ്ഞെടുപ്പിലും കോയമ്പത്തൂർ സൗത്തിൽ കമൽ മത്സരിച്ചിരുന്നു. അന്ന് 1700 ഓളം വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥിയോടു പരാജയപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം ഒന്നരലക്ഷത്തോളം വോട്ടുകൾ നേടിയിരുന്നു.
English Summary: Kamal Haasan's Surprise Announcement: He Will Contest Elections from Coimbatore